പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്തി’ൽ പ​ങ്കെടുത്തില്ല, 36 നഴ്സിങ് വിദ്യാർഥികൾക്കെതിരെ നടപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്’ പരിപാടിയിൽ പ​ങ്കെടുക്കാതിരുന്ന 36 നഴ്സിങ് വിദ്യാർഥികൾക്കെതിരെ നടപടി. ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജുക്കേഷൻ ആണ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. മൻ കി ബാതിൽ പ​ങ്കെടുക്കാത്ത വിദ്യാർഥികൾക്ക് ഒരാഴ്ച ഹോസ്റ്റലിൽ നിന്ന് പുറത്തുപോകുന്നതിന് വിലക്കാണ് ശിക്ഷയായി നൽകിയിരിക്കുന്നത്.

ഏപ്രിൽ 30 ന് നടന്ന മൻ കി ബാതിന്റെ 100-ാം എപ്പിസോഡ് പ്രക്ഷേപണത്തിലാണ് വിദ്യാർഥികൾ പ​ങ്കെടുക്കാതിരുന്നത്. പരിപാടിയിൽ നിർബന്ധമായി പ​ങ്കെടുക്കണമെന്ന് പി.ജി.ഐ.എം.ഇ.ആറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷൻ ഒന്ന്, മൂന്ന് വർഷ നഴ്സിങ് വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാ‍ൽ 36 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തില്ല.

തുടർന്ന് മെയ് മൂന്നിന് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. സുഖ്പാൽ കൗർ വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ട് കത്ത് നൽകുകയായിരുന്നു. 28 ഒന്നാം വർഷ വിദ്യാർഥികൾക്കും എട്ട് മൂന്നാം വർഷ വിദ്യാർഥികൾക്കുമാണ് വിലക്ക്.

വിലക്കിനെതിരെ രൂക്ഷ വിമർശനമുയർന്നതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന വിവിധ ഗസ്റ്റ് ലച്ചർ ക്ലാസുകളിൽ വിദ്യാർഥികൾ പ​ങ്കെടുക്കണമെന്നുള്ളത് അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമാണ്. അതില്ലാത്തതിനാൽ സ്വീകരിച്ച അച്ചടക്ക നടപടി മാത്രമാണിത്. ഈ പ്രത്യേക പരിപാടിയിൽ പ​ങ്കെടുക്കാത്തതുകൊണ്ട് ​സ്വീകരിച്ച നടപടിയല്ലെന്നും അധികൃതർ വിശദീകരിച്ചു.

Tags:    
News Summary - Action against 36 nursing students of PGIMER for not attending Mann Ki Baat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.