വിദ്വേഷ പ്രചാരകൻ കപിൽ മിശ്ര ഡൽഹി ബി.ജെ.പി വൈസ്​ പ്രസിഡന്‍റ്​; മോദിക്കും അമിത്​ഷാക്കും നന്ദി പറഞ്ഞ്​ മിശ്ര

വിദ്വേഷ പ്രചാരകൻ കപിൽ മിശ്രയെ വൈസ്​ പ്രസിഡന്‍റായി നിയമിച്ച്​ ഡൽഹി ബി.ജെ.പി. 2020ലെ ഡൽഹി കലാപത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന്​ ആരോപണം നേരിടുന്നയാളാണ്​ കപിൽ മിശ്ര. തന്‍റെ നിയമനത്തിന്​ മോദി, അമിത്​ ഷാ, ജെ.പി നദ്ദ തുടങ്ങിയവർക്ക്​ മിശ്ര നന്ദി പറഞ്ഞു.

ഡൽഹിയിൽ നിരവധി വിഷയങ്ങൾ വർഗീയമായി ആളിക്കത്തിച്ച്​ കുപ്രസിദ്ധിയാജ്ജിച്ചയാളാണ്​ കപിൽ മിശ്ര. വടക്കു കിഴക്കൻ ഡൽഹിയിൽ കലാപത്തിന്‌ തുടക്കമിട്ടത്‌ കപിൽ മിശ്രയുടെ തീവ്രവർഗീയവിദ്വേഷ പ്രസംഗമെന്ന്‌ ഡൽഹി ന്യൂനപക്ഷ കമീഷന്റെ വസ്‌തുതാന്വേഷണ സമിതി റിപ്പോർട്ട് ചെയ്തിരുന്നു. പൗരത്വനിയമഭേദഗതിക്ക്‌ എതിരെ പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യാനാണ് ഫെബ്രുവരി 23ന്‌ മൗജ്‌പുരിലെ പ്രസം​ഗത്തില്‍ കപിൽ മിശ്ര പറഞ്ഞത്. പിന്നാലെ 100 മുതൽ 1000 ആളുകൾ വരുന്ന അക്രമിസംഘങ്ങൾ മാരകായുധങ്ങളുമായി രംഗത്തിറങ്ങി. ‘ജയ്‌ ശ്രീറാം’, ‘ഹർ ഹർ മോഡി’, ‘മുസ്ലിങ്ങളെ വകവരുത്തുക’ ആക്രോശങ്ങൾ മുഴക്കി അക്രമം അഴിച്ചുവിട്ടു‌.

ഏകപക്ഷീയമായാണ്‌ ഡൽഹി പൊലീസ്‌ അന്വേഷണം നടത്തിയതെന്നും‌ സുപ്രീംകോടതി അഭിഭാഷകൻ എം ആർ ഷംസാദ്‌ അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി. വിവാദ പ്രസംഗം നടത്തുമ്പോൾ കപിൽ മിശ്രയ്‌ക്കു പിന്നിൽ ഡിസിപി വേദ്‌പ്രകാശ്‌ സൂര്യയുമുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ പൊലീസുകാർ അക്രമങ്ങളിൽ പങ്കാളികളായി‌. ‘ജനഗണമന’ ആലപിക്കാൻ ആവശ്യപ്പെട്ട്‌ അഞ്ച്‌ മുസ്ലിം ചെറുപ്പക്കാരെ പൊലീസുകാർ മർദിച്ചത്‌ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു‌.

ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഇയാൾ നടത്തിയ ട്വീറ്റും വിവാദമായിരുന്നു. ഏകസിവിൽ കോഡ് ഓഗസ്റ്റ് 5 നാണെന്നും രാമക്ഷേത്ര നിർമ്മാണ തീരുമാനമെടുത്തതും കശ്മീർ പുനസംഘടന തീരുമാനം വന്നതും ഓഗസ്റ്റ് അഞ്ചിനാണെന്നുമായിരുന്നു മിശ്ര ട്വീറ്റ്​ ചെയ്തത്​.

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് കൊലപ്പെടുത്തിയ കേസിനെ കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെടുത്തിയാണ് അമിത്​ മിശ്ര പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘പ്രായപൂർത്തിയാകാത്ത മറ്റൊരു ഹിന്ദു പെൺകുട്ടിയെ കൂടി കൊലപ്പെടുത്തിയിരിക്കുന്നു. ഡൽഹിയിലെ ഇടവഴികളിൽ ഇങ്ങനെ എത്രയെത്ര കേരള സ്‌റ്റോറികൾ നടക്കുന്നു’എന്നായിരുന്നു ആ ട്വീറ്റ്​.

Tags:    
News Summary - Accused of inflammatory speech, Kapil Mishra now Delhi BJP VP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.