ഗാന്ധിനഗർ: രാജ്യത്ത് ദിവസം കൂടുംതോറും ചൂടും കൂടി വരികയാണ്. ദിവസം മുഴുവൻ പുറത്ത് ജോലി ചെയ്യുന്നവർക്ക് പകൽ സമയത്തെ ചൂടിൽ നിന്ന് ചെറിയൊരു ആശ്വാസം നേടുന്നതിനായി പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് വഡോദര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികൾ.
എയർകണ്ടീഷൻ ചെയ്ത ഹെൽമറ്റുകളാണ് ചൂടിൽനിന്ന് രക്ഷനേടുന്നതിനായി ഐ.ഐ.എം വഡോദരയിലെ വിദ്യാർഥികളുടെ കണ്ടുപിടുത്തം. ഈ ഹെൽമെറ്റുകൾ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു തവണ ഫുൾ ചാർജിൽ എട്ടു മണിക്കൂർ വരെ പ്രവർത്തിക്കും. നിലവിൽ ട്രാഫിക് പൊലീസുകാർക്കാണ് ഈ ഹെൽമറ്റ് നൽകിയിരിക്കുന്നത്. പകൽ സമയത്ത് ജോലി ചെയ്യുന്ന 450 പൊലീസുകാർക്കാണ് ഹെൽമറ്റിന്റെ കുളിർമ സഹായകമാവുക. ചൂട് സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനും ശരീര താപനില നിയന്ത്രിക്കാനും ഈ ഹെൽമറ്റ് സഹായിക്കും.
ഗുജറാത്തിൽ ഇതാദ്യമായല്ല ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. 2023 ൽ അഹമ്മദാബാദ് ട്രാഫിക് പൊലീസ് സമാനമായ രീതിയിൽ മറ്റൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. അരയിൽ ധരിക്കുന്ന ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബെൽറ്റ് -ഇൻ -ഫാനുകൾ ഉള്ള പ്രത്യേക ഹെൽമെറ്റുകൾ ആയിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.