അമാനത്തുല്ല ഖാനെ അറസ്റ്റ് ചെയ്ത​തല്ലെന്ന് ഇ.ഡി, 13 മണിക്കൂർ ചോദ്യം ചെയ്തുവിട്ടയച്ചു; ‘രാജിവെച്ച് കെജ്രിവാളിനെതിരെ തിരിയാൻ ഇ.ഡി സമ്മർദം ചെലുത്തുന്നു’

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്ന് ഇ.ഡി. 13 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായാണ് ഇ.ഡി അറിയിച്ചത്. എം.എൽ.എയെ അറസ്റ്റ് ചെയ്തുവെന്ന ആം ആദ്മി പാർട്ടി പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇ.ഡി വിശദീകരണം.

ഡല്‍ഹി വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടാണ് അമാനത്തുല്ലയെ ഇ.ഡി ചോദ്യം ചെയ്തത്. സുപ്രീം കോടതി നിദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എ സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ തിരിയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തുന്നതായും അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര ഏജൻസികൾ എന്നെ വേട്ടയാടുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ്. അവർ എ​ന്നെ രാജിവെപ്പിക്കാൻ ശ്രമിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിനെതിരെ തിരിയാനാണ് ആവശ്യപ്പെടുന്നത്’ -വിഡിയോ സന്ദേശത്തിൽ ഖാൻ ആരോപിച്ചു.

അടിസ്ഥാനരഹിതമായ കേസുമായി ബന്ധപ്പെട്ട് ഖാനെ അറസ്റ്റ് ചെയ്യാൻ ഇഡി പദ്ധതിയിടുന്നതായി എ.എ.പി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അമാനത്തുല്ല ഖാനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഏപ്രിൽ 11ന് ഇ.ഡി ഡൽഹി റോസ് അവന്യൂ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അമാനത്തുല്ല ഖാനടക്കം നാലു പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് ഇ.ഡി സമൻസ് അയച്ചെങ്കിലും അമാനത്തുല്ല ഖാൻ ഹാജരായിരുന്നില്ല. കേസിൽ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ഏപ്രിൽ 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് അമാനത്തുല്ല ഖാന് കോടതി സമൻസ് അയച്ചിട്ടുണ്ട്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമാനത്തുല്ല ഖാന് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കി.

Tags:    
News Summary - AAP's Amanatullah Khan Leaves Probe Agency Office After 13-Hour Questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.