സ്വാതി മലിവാളിനെ മർദിച്ച സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് എ.എ.പി

ന്യൂഡൽഹി: എ.എ.പി രാജ്യസഭ എം.പി സ്വാതിമലിവാളിനെതിരായ മർദനം അന്വേഷിക്കാൻ സമിതിയെ ആം ആദ്മി പാർട്ടി നിയോഗിച്ചുവെന്ന് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു മലിവാളിന്റെ പരാതി. ഇതിലാണ് ഇപ്പോൾ എ.എ.പി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്. സമിതിക്ക് മുമ്പാകെയെത്തി മൊഴി നൽകാൻ മലിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള കെജ്രിവാളിന്റെ വസതിയിൽ കഴിഞ്ഞ ദിവസമാണ് യോഗത്തില്‍ പങ്കെടുക്കാനായി സ്വാതി എത്തിയത്. എന്നാൽ അവരെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫായ ഭൈഭവ് കുമാർ തടയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സ്വാതി പരാതി നൽകി. കെജ്രിവാളിന്റെ വസതിയിലെത്തിയ പൊലീസ് സ്വാതിയോട് സ്റ്റേഷനിലെത്തി പരാതി നല്‍കാൻ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേഷനിലെത്തിയശേഷം സ്വാതി പരാതി എഴുതി നൽകിയിരുന്നില്ല.

അതേസമയം, കെജ്രിവാളിന്റെ പി.എ സ്വാതിയോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് എ.എ.പി എം.പി രംഗത്തെത്തുകയും ചെയ്തു. സഞ്ജയ് സിങ്ങാണ് സ്വാതിയുടെ ആരോപണം സ്ഥിരീകരിച്ചത്. കേജ്‍രിവാളിന്റെ വസതിയിൽ യോഗത്തിനായെത്തിയപ്പോഴാണ് പി.എ ഭൈഭവ് കുമാർ സ്വാതിയോട് മോശമായി പെരുമാറിയതെന്നും സംഭവത്തിൽ കൃത്യമായ നടപടിയെടുക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു. സ്വാതി പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും ജനങ്ങൾക്ക് വേണ്ടി അവർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - AAP to form internal panel to probe assault on Swati Maliwal: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.