ന്യൂഡൽഹി: കേന്ദ്ര സർക്കാറും ഡൽഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിനെതിരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് എ.എ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഡൽഹി പൊലീസ് കെജ്‌രിവാളിനെതിരായ ഭീഷണികൾക്കും ആക്രമണങ്ങൾക്കും നേരെ കണ്ണടച്ചിരിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പത്രസമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് ഈ സംഭവങ്ങൾ നടന്നതെന്നാണ് ഇവരുടെ വാദം.
കെജ്‌രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ബി.ജെ.പിയും ഡൽഹി പൊലീസും ഉൾപ്പെടുന്നു. ഇരുവരും ചേർന്ന് അദ്ദേഹത്തിന്‍റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിനെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ നടന്നിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് അതിഷി പറഞ്ഞു.
ഹരി നഗറിൽ കെജ്‌രിവാളിന്‍റെ പൊതുയോഗം പ്രതിപക്ഷ അനുയായികൾ തടസ്സപ്പെടുത്തുകയും കാർ ആക്രമിക്കുകയും ചെയ്തതായി വ്യാഴാഴ്ച കെജ്‌രിവാൾ ആരോപിച്ചിരുന്നു. ഇതെല്ലാം അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് നടക്കുന്നതെന്നും കെജ്‌രിവാൾ എക്‌സിൽ കുറിച്ചു. മറ്റൊരു പ്രചാരണ റാലിയിൽ ബിജെപി പ്രവർത്തകർ തന്നെ ലക്ഷ്യമിട്ടതായി കെജ്‌രിവാൾ ആരോപിച്ചു.
കെജ്‌രിവാളിന് പഞ്ചാബ് പൊലീസിന്‍റെ സുരക്ഷാ പുനഃസ്ഥാപിക്കുന്നതുൾപ്പെടെ ന്യായമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ ഇ.സി.ഐ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എ.എ.പി നേതാക്കൾ ആവശ്യപ്പെട്ടു. സുരക്ഷ ഇ.സി.ഐയുടെയും ഡൽഹി പൊലീസിന്‍റെയും നിർദ്ദേശത്തെത്തുടർന്ന് പിൻവലിച്ചതായി പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് സ്ഥിരീകരിച്ചു.
ഡൽഹിയിൽ ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. കെജ്‌രിവാൾ ന്യൂഡൽഹി സീറ്റിലാണ് മത്സരിക്കുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടി എ.എ.പി ആധിപത്യം സ്ഥാപിച്ചപ്പോൾ ബി.ജെ.പിക്ക് എട്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 15 വർഷം തുടർച്ചയായി ഡൽഹിയിൽ അധികാരത്തിലിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും വിജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.