അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു

ലഖ്നോ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു. ഉത്തർപ്രദേശിലെ ഉന്നാവ ജില്ലയിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്.

വെടിമരുന്നിന് തീപിടിച്ചതോടെ വലിയപൊട്ടിത്തെറി നടന്നു. ഏതാണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണക്കാനായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ട്രക്കിന് തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. 

ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി അവിടേക്ക് കൊണ്ടുപോയ വെടിമരുന്നാണ് കത്തിനശിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യയിലെ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും അന്നേ ദിവസം ദീപോത്സവം നടത്തണമെന്ന് ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സരയൂ ഘട്ടിൽ കരിമരുന്ന് പ്രയോഗവും മൺചെരാത് തെളിക്കലും സംഘടിപ്പിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 നാണ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാർ, വ്യവസായികൾ, സെലിബ്രിറ്റികൾ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ എന്നിവരുൾപ്പെടെ 7,000ത്തിലധികം ആളുകൾ ഉദ്ഘാടനത്തിൽ പങ്കെടുക്കും. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഏഴ് ദിവസചടങ്ങുകൾ ചൊവ്വാഴ്ച അയോധ്യയിൽ ആരംഭിച്ചു. 

Tags:    
News Summary - A truck carrying ammunition from Tamil Nadu to Ayodhya got burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.