പ്ലാറ്റ് ഫോമിൽ അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന ഏഴ്മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: റെയിൽവേ പ്ലാറ്റ് ഫോമിൽ അമ്മക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മഥുര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്നാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഒരാൾ എടുത്തുകൊണ്ടുപോയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു.
കുഞ്ഞും അമ്മയും കിടക്കുന്നതിനടുത്തൂകുടെ ഒരാൾ കടന്നുപോകുന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ തിരിച്ച് വന്നു. പതുക്കെ പുതപ്പുയർത്തി നോക്കുകയും ഉടൻ കുഞ്ഞിനെ എടുത്ത് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനടുത്തേക്ക് നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കുഞ്ഞിനെ കണ്ടെത്താനായി മഥുര ജങ്ഷനിലെ ജി.ആർ.പി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് നിരവധി ടീമുകൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായി മഥുര പൊലീസ് അറിയിച്ചു.
പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാചിത്രവും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. മഥുര പൊലീസിനൊപ്പം റെയിൽവേ പൊലീസും ഉത്തർപ്രദേശിലെ അലിഘട്ടിലും ഹത്രാസിലുമുൾപ്പെടെ അന്വേഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.