ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ അത്താഴത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ വിരമിച്ച സൈനികൻ മകനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് പിന്നാലെ അച്ഛനും വിഷം കഴിച്ച് ജീവനൊടുക്കി. അറുപതുകാരനായ സുരീന്ദർ സിങ് ആണ് മകൻ ഗുർഷരൺ സിങ്ങിനെ (40) കൊലപ്പെടുത്തിയത്. രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലുധിയാന പൊലീസ് അറിയിച്ചു.
സുരീന്ദർ സിങ്ങിന്റെ ഭാര്യ ഏതാനും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും മകൻ ഗുർഷരൺ ഇതിനെ ശക്തമായി എതിർത്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ലുധിയാനയിൽ മകനൊപ്പമായിരുന്നു സുരീന്ദർ താമസം. ഇയാളുടെ രണ്ട് പെൺമക്കൾ വിദേശത്താണ്.
ഞായറാഴ്ച രാത്രി അത്താഴത്തിനിടെ തർക്കം രൂക്ഷമായതോടെ സുരീന്ദർ തന്റെ കൈവശമുണ്ടായിരുന്ന ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ച് മകന് നേരെ വെടിയുതിർക്കുകയായിരുന്നു. ആദ്യതവണ ഉന്നം പിഴച്ചതോടെ ജീവൻ രക്ഷിക്കാൻ ഗുർഷരൺ തെരുവിലേക്ക് ഓടി. എന്നാൽ സുരീന്ദർ മകനെ പിന്തുടർന്ന് വെടിവെക്കുകയായിരുന്നു. വെടിയേറ്റു വീണ മകനെ തെരുവിൽ ഉപേക്ഷിച്ച സുരീന്ദർ തിരികെ വീട്ടിലെത്തി വാതിലടച്ച് വിഷം കഴിച്ചു.
റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ഗുർഷരണിനെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് സുരീന്ദറിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. തർക്കം നടക്കുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. വിദേശത്തുള്ള മക്കളെ വിവരമറിയിച്ചതായും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.