നോയിഡ: നോയിഡയിൽ മദ്യപിച്ചെത്തിയ നാല് പേർ ബില്ലടക്കാൻ ആവശ്യപ്പെട്ടതിന് റസ്റ്ററന്‍റ് ജീവനക്കാരനെ മർദിച്ചു. ചൊവ്വാഴ്ച രാത്രി നോയിഡ സെക്ടർ 29ലെ കുക് ദു കു റെസ്റ്ററന്‍റിലാണ് സംഭവം.
ഗൗരവ് യാദവ്, ഹിമാൻഷു എന്നിവരും മറ്റ് രണ്ട് പേരുമാണ് മദ്യലഹരിയിൽ റസ്റ്ററന്‍റിലെത്തി ഭക്ഷണം കഴിച്ചത്. 650 രൂപയുടെ ബില്ല് അടക്കാതെ റസ്‌റ്റന്‍റിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ജീവനക്കാരനായ ഷഹാബുദ്ദീൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ ഇവർ ഷഹാബുദ്ദീനെ അധിക്ഷേപിക്കാൻ തുടങ്ങി. തുടർന്ന് മർദിക്കുകയുമായിരുന്നു. ഇവരിലൊരാൾ ജീവനക്കാരനെ ചവിട്ടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഷഹാബുദ്ദീനെ വീണ്ടും തല്ലുകയും ട്രേ ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്നുണ്ട്.
റസ്റ്ററന്‍റിലെ മറ്റു തൊഴിലാളികൾ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും മദ്യലഹരിയിലായിരുന്ന പ്രതികൾ അക്രമം നിർത്തിയില്ല. ഏറെ ശ്രമപ്പെട്ടാണ് ഇവരെ റെസ്റ്ററന്‍റിൽ നിന്ന് പുറത്താക്കിയത്. നോയിഡ സെക്ടർ 20 പൊലീസ് സ്റ്റേഷനിൽ ഷഹാബുദ്ദീൻ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.