1984ൽ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) തലപ്പത്തെത്തിയ ആദ്യ വനിതയായിയിരുന്നു ഡോ. സ്നേഹ ഭാർഗവ. രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ സ്ഥാപനങ്ങളിലൊന്നിന്റെ 70 വർഷത്തോളം നീണ്ട ചരിത്രത്തിൽ ആ സ്ഥാനത്തിരുന്ന ഒരേയൊരു വനിതയും! 95-ാം വയസ്സിലും മെഡിക്കൽ സമൂഹത്തിലെ സജീവ അംഗമായി അവർ തുടരുന്നു.
ഡോ. സ്നേഹ ഭാർഗവയുടേതായി ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ‘ദി വുമൺ ഹു റൺ എയിംസ്’ എന്ന ഓർമക്കുറിപ്പ് ഒരു സുപ്രധാന ചരിത്ര ഘട്ടത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. തന്റെ 90ാം വയസ്സിലാണ് ഇന്ത്യയിലെ മുൻനിര റേഡിയോളജിസ്റ്റുകളിൽ ഒരാളായ ഡോ. സ്നേഹ ഭാർഗവ ഓർമകൾ പകർത്താൻ തുടങ്ങിയത്. അഞ്ചു വർഷത്തിനിപ്പുറം അത് പുസ്തകമായി ലോകത്തിനു മുന്നിലെത്തി.
ഡോ. സ്നേഹ ഭാർഗവക്ക് റേഡിയോളജിയിൽ സർട്ടിഫിക്കറ്റ് നൽകുന്നു
1940കളിൽ വളർച്ചയുടെ തുടക്ക ഘട്ടത്തിൽ ആയിരുന്നു ഇന്ത്യയിൽ റേഡിയോളജി മേഖല. അന്ന് അത് പഠനത്തിനായി തെരഞ്ഞെടുത്തതു മുതൽ ഏറ്റവും അറിയപ്പെടുന്ന പ്രാക്ടീഷണർമാരിൽ ഒരാളാകുന്നത് വരെ ഡോ. സ്നേഹ ഭാർഗവയുടെ വഴികൾ അസാധാരണമായിരുന്നു.
എയിംസിന്റെ ഡയറക്ടർ ആയി ജോലിയിൽ പ്രവേശിച്ച ദിവസങ്ങളിലൊന്നിൽ അവർ ഒരു അഗ്നിപരീക്ഷയെ അഭിമുഖീകരിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു അവരെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
1984 ഒക്ടോബർ 31ന് രാവിലെയായിരുന്നു അത്. ഡോക്ടറുടെ നിയമനം സ്ഥിരീകരിക്കുന്നതിനായി ആശുപത്രിയിൽ ഒരു മീറ്റിങ് നടക്കുകയായിരുന്നു. ഡോ. സ്നേഹ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അന്നത്തെ മെഡിക്കൽ കേസുകൾ അവലോകനം ചെയ്യുന്നതിനായി തന്റെ ഓഫിസിലായിരുന്നു അവർ.
ഒരു സഹപ്രവർത്തകൻ വന്ന് പെട്ടെന്ന് കാഷ്വാലിറ്റി വാർഡിലേക്ക് എത്താൻ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ കണ്ടത് തന്നെ ആശുപത്രി മേധാവിയായി തെരഞ്ഞെടുത്ത വനിത, സാക്ഷാൽ ഇന്ദിരാഗാന്ധി രക്തമൊലിപ്പിച്ച് കിടക്കുന്ന കാഴ്ചയാണ്. അവരുടെ സാരി രക്തത്തിൽ കുതിർന്നിരുന്നു. അവർക്ക് നാഡിമിടിപ്പ് ഇല്ലായിരുന്നു.
‘ആ സമയത്ത് എന്റെ ചിന്തപോയത് മുന്നിൽ കിടക്കുന്നത് പ്രധാനമന്ത്രിയാണല്ലോ എന്നതായിരുന്നില്ല. അവരെ സഹായിക്കുകയും കൂടുതൽ അപായ നിലയിൽ നിന്ന് രക്ഷിക്കുകയും ചെയ്യുക എന്നതിലായിരുന്നു ബദ്ധശ്രദ്ധ’- ഡോക്ടർ പറയുന്നു. ആശുപത്രിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. അവർ കാഷ്വാലിറ്റി വാർഡിലേക്ക് ഇരച്ചുകയറുമെന്ന് ഡോക്ടർ ഭയപ്പെട്ടു.
ഉടൻ വാർത്തകൾ പുറത്തുവരാൻ തുടങ്ങി. തീവ്രവാദികളെ തുരത്താൻ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് പ്രതികാരമായി ഇന്ദിരാ ഗാന്ധിയെ രണ്ട് സിഖ് അംഗരക്ഷകർ വെടിവെച്ചു എന്നായിരുന്നു അത്. ഇന്ദിരയുടെ കൊലപാതകം ഇന്ത്യ കണ്ട ഏറ്റവും മാരകമായ കലാപങ്ങളിലൊന്നിന് വഴിവെച്ചു.
പ്രധാനമന്ത്രിയെ ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റാൻ ഡോ. ഭാർഗവ തിടുക്കം കൂട്ടി. ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ഗാന്ധി മരിച്ചുവെന്ന് കേട്ട നിമിഷം ഒരു സിഖ് ഡോക്ടർ മുറിയിൽ നിന്ന് ഓടിപ്പോയെന്നും അവർ ഓർക്കുന്നു. എന്നാൽ, ഇന്ദിരയുടെ മകൻ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ അവരുടെ മരണവാർത്ത രഹസ്യമായി സൂക്ഷിക്കേണ്ടിവന്നു. ‘അതുവരെ, അടുത്ത നാലു മണിക്കൂർ ഞങ്ങളുടെ ജോലി അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച നാട്യങ്ങൾ തുടരുക എന്നതായിരുന്നു. വാസ്തവത്തിൽ അവരെ എയിംസിലേക്ക് കൊണ്ടുവരുമ്പോൾതന്നെ അവർ മരിച്ചിരുന്നു’ -ഡോക്ടർ എഴുതുന്നു.
പ്രധാനമന്ത്രിയുടെ മൃതദേഹം എംബാം ചെയ്തതതിന്റെ വൈകാരിക നിമിഷങ്ങളും അവർ വിവരിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് തലസ്ഥാനത്ത് തന്നെ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. പ്രധാന ധമനികളിലേക്ക് ഞങ്ങൾ കുത്തിവച്ചപ്പോൾ എംബാമിംഗ് രാസവസ്തു പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. മൂന്ന് ഡസനിലധികം വെടിയുണ്ടകൾ ഗാന്ധിയുടെ ശരീരത്തിൽ തുളച്ചുകയറിയിരുന്നു.
എന്നാൽ, എയിംസിലെ ഡോ. ഭാർഗവയുടെ ദീർഘവും പ്രശസ്തവുമായ കരിയറിലെ ശ്രദ്ധേയമായ ഒരേയൊരു എപ്പിസോഡ് മാത്രമായിരുന്നില്ല ഇത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ രാഷ്ട്രീയക്കാരുമായുള്ള ഇടപെടലുകളുടെ കൗതുകകരമായ കഥകളും അവർ പുസ്തകത്തിൽ പങ്കുവെക്കുന്നു.
കുട്ടിയായിരിക്കെ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അമ്പ് തലയിൽ തറച്ചതിനെത്തുടർന്ന് സോണിയ ഗാന്ധി മകൻ രാഹുലിനെ എയിംസിലേക്ക് കൊണ്ടുവന്നതും അവർ ഓർക്കുന്നു. രാജീവ് ഗാന്ധി ജോർദാൻ രാജാവിനെ കാണാൻ പോകുന്ന സമയത്തായിരുന്നു അത്. സുരക്ഷാ ഗാർഡുകൾ ഇല്ലാതെ രാഹുലിനെ എയിംസിൽ എത്തിക്കാൻ രാജീവ് ഗാന്ധി ശ്രമിച്ചു. എന്നാൽ, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഡോ. സ്നേഹ ഭാർഗവ അദ്ദേഹത്തെ ശക്തമായി തടഞ്ഞു.
ആശുപത്രിയിലെ എല്ലാ ദിവസവും അത്ര ആവേശകരമായിരുന്നില്ല. എയിംസിൽ മരുമകനെ ജോലിക്ക് തെരഞ്ഞെടുക്കാത്തതിന് ഒരു എം.പി തന്നെ ഭീഷണിപ്പെടുത്തിയതുൾപ്പെടെയുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഡോ. ഭാർഗവ എഴുത്തിൽ ഓർക്കുന്നു.
മറ്റൊരു സന്ദർഭത്തിൽ, ഫെഡറൽ ഹെൽത്ത് സെക്രട്ടറി ഉൾപ്പെടെ രണ്ട് ഉന്നത രാഷ്ട്രീയക്കാർ എയിംസ് ഡീനെ തെരഞ്ഞെടുക്കാൻ ശ്രമിച്ചു. ആ തീരുമാനത്തിനെതിരെ അവർ ഉറച്ചുനിന്നു. താൻ രോഗീ പരിചരണത്തിനായിരുന്നു എപ്പോഴും മുൻഗണന നൽകിയതെന്ന് ഡോ. ഭാർഗവ പറയുന്നു.
എയിംസിൽ രോഗനിർണയത്തിന്റെയും ചികിത്സയുടെയും ഒരു പ്രധാന ഭാഗമായി റേഡിയോളജി സ്ഥാപിക്കാൻ അവർ പ്രവർത്തിച്ചു. 1960കളിൽ ഡോ. ഭാർഗവ അവിടെ ചേർന്നപ്പോൾ എയിംസിൽ അടിസ്ഥാന ഇമേജിംഗ് ഉപകരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മെച്ചപ്പെട്ട ഉപകരണങ്ങൾക്കായി അവർ സമ്മർദം ചെലുത്തുകയും ഇന്ത്യയിലെ മുൻനിര റേഡിയോളജി വകുപ്പുകളിൽ ഒന്ന് നിർമിക്കാൻ യത്നിക്കുകയും ചെയ്തു. അങ്ങനെയെല്ലാം എപ്പോഴും മാറ്റം കൊണ്ടുവരാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു ഡോ. സ്നേഹ ഭാർഗവ.
1930ൽ അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അവർക്ക് കുട്ടിക്കാലത്ത് തന്റെ പാവകൾക്കും സഹോദരങ്ങൾക്കും വേണ്ടി ഡോക്ടർ വേഷമിടുന്നത് ഏറെ ഇഷ്ടമായിരുന്നു. ഇന്ത്യ-പാക് വിഭജന സമയത്ത് ഡോ. ഭാർഗവയുടെ കുടുംബം ഇന്ത്യയിലേക്ക് പലായനം ചെയ്തു. അന്നൊക്കെ ആളുകളെ സഹായിക്കാൻ അവർ പിതാവിനൊപ്പം അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കുമായിരുന്നു. ആ സമയത്ത് വളരെ കുറച്ച് ഇന്ത്യൻ സ്ത്രീകൾ മാത്രമേ ഉന്നത വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ.
ലണ്ടനിൽ ആയിരുന്നു ഡോ. ഭാർഗവയുടെ റേഡിയോളജി പഠനം. അവരുടെ ക്ലാസിലെയും ആശുപത്രിയിലെയും ഒരേയൊരു സ്ത്രീയായരുന്നു അവർ. രാജ്യത്തിന് വൈദഗ്ധ്യമുള്ള റേഡിയോളജിസ്റ്റുകളുടെ ആവശ്യമുണ്ടെന്ന് അറിഞ്ഞതിനുശേഷം 1950കളിൽ അവർ ഇന്ത്യയിലേക്ക് മടങ്ങി.
സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിച്ചതിന് ഡോ. സ്നേഹ ഭാർഗവ തന്റെ കുടുംബത്തെയും ഭർത്താവിന്റെ വിശാല മനസ്കതയെയും അഭിനന്ദിക്കുന്നു. മറ്റ് ഇന്ത്യൻ സ്ത്രീകൾക്കും തനിക്കു ലഭിച്ച അതേ പിന്തുണ ലഭിക്കുമെന്നും അവർ പ്രത്യാശിക്കുന്നു. ‘ഇത് കുട്ടിക്കാലം മുതൽ ആരംഭിക്കണം. മാതാപിതാക്കൾ തങ്ങളുടെ ആൺമക്കളെ പിന്തുണക്കുന്നതുപോലെ തന്നെ പെൺമക്കളെയും പിന്തുണക്കണം. അപ്പോൾ, മാത്രമേ അവർക്ക് ചില്ലു മേൽക്കൂരകൾ തകർത്ത് നക്ഷത്രങ്ങളെ കീഴടക്കാൻ കഴിയൂ’ -ഡോ. സ്നേഹ ഭാർഗവ ലോകത്തിനു മുന്നിൽ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.