മൗലാന അർശദ് മദനി
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ പേരിൽ അൽ ഫലാഹ് സർവകലാശാലയെ തന്നെ സർക്കാർ ലക്ഷ്യമിട്ടതിനെ രൂക്ഷമായി വിമർശിച്ച് ജംഇയ്യതുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അർശദ് മദനി രംഗത്തുവന്നു. ഒരു മുസ്‍ലിമിന് ന്യൂയോർക്കിലും ലണ്ടനിലും മേയറാകാൻ കഴിയുമെങ്കിലും ഇന്ത്യയിൽ ഒരു മുസ്‍ലിം സർവകലാശാലയുടെ വൈസ് ചാൻസലർ പോലുമാകാൻ കഴിയില്ലെന്ന് അർശദ് മദനി വിമർശിച്ചു. ആരെങ്കിലും മുസ്‍ലിം സർവകലാശാലയുടെ വൈസ് ചാൻസലറായാൽ അഅ്സം ഖാനെയും അൽ ഫലാഹ് സ്ഥാപകനെയും പോലെ ജയിലിൽ പോകേണ്ടിവരുമെന്നും മദനി കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യയിൽ മുസ്‍ലിം സമുദായത്തെ നിവരാൻ അനുവദിക്കാത്ത പ്രവർത്തനങ്ങളിലാണ് സർക്കാർ എന്ന് ജംഇയ്യത് നേതാവ് കുറ്റപ്പെടുത്തി. ന്യൂയോർക്കിൽ മംദാനി എന്ന മുസ്‍ലിമിന് മേയറാകാൻ കഴിയും. ലണ്ടനിൽ ഒരു ഒരു ഖാന് മേയറാകാൻ കഴിയും. എന്നാൽ, ഇന്ത്യയിൽ ഒരു മുസ്‍ലിം സർവകലാശാലയിൽ ഒരു വൈസ് ചാൻസലാറാകാൻ കഴിയില്ല. അഥവാ അങ്ങനെയായാൽ അഅ്സം ഖാനെ പോലെ ജയിലിൽ പോകേണ്ടി വരും. മക്കളും ജയിലിൽ പോകേണ്ടി വരും. അൽ ഫലാഹിൽ എന്താണ് സംഭവിക്കുന്നത്? അതിന്റെ സ്ഥാപകനെയും ജയിലിലിട്ടിരിക്കുന്നു. എത്ര നാൾ ജയിലിൽ കഴിച്ചുകൂട്ടേണ്ടിവരുമെന്ന് ആർക്കുമറിയില്ല.
ഭീകരപ്രവർത്തനത്തിലേർപ്പെട്ടവർ മാപ്പർഹിക്കുന്നില്ലെന്നും എന്നാൽ അതിന്റെ പേരിൽ അൽ ഫലാഹ് സർവകലാശാലയെ തന്നെ മൊത്തമായി ലക്ഷ്യം വെക്കാനാവില്ലെന്നും അർശദ് മദനിയുടെ വിമർശനത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഉദിത് രാജ് അഭിപ്രായപ്പെട്ടു. സർവകലാശാല അടച്ചുപൂട്ടാൻ പാടില്ലാത്തതാണ്.
വൈസ് ചാൻസലർ സാമ്പത്തിക ക്രമക്കേട് കാണിച്ചെങ്കിൽ നിയമ പ്രകാരം അതിനുള്ള നടപടിയെടുക്കണം. ഇന്ത്യയിൽ മുസ്‍ലിംകളാണെങ്കിൽ അൽ ഫലാഹ് സർവകലാശാല നേരിട്ടതുപോലുള്ള പ്രശ്നങ്ങളുണ്ടാവുകയാണ്. ബുൾഡോസറുകൾ മുസ്‍ലിംകളുടെ വീടുകൾക്ക് നേരെയാണ് നീങ്ങുന്നത്. അമേരിക്കയുമായി താരതമ്യം പോലും അർഹിക്കുന്നില്ല. അമേരിക്കയിൽ വിവേചനമില്ല.
ലോകത്ത് മുസ്‍ലിംകൾക്ക് ജീവിക്കാൻ ഇന്ത്യയിലും നല്ലൊരു രാജ്യം വേറെയുണ്ടാവില്ലെന്ന് അർശദ് മദനിയോടും അദ്ദേഹത്തെ പിന്തുണച്ച ഉദിത് രാജിനോടും ബി.ജെ.പി പ്രതികരിച്ചു. ഇന്ത്യയിൽ ഹിന്ദുവിനേക്കാൾ ഒരുനല്ല ജ്യേഷ്ഠ സഹോദരൻ മറ്റാരുമുണ്ടാവില്ലെന്ന് ബി.ജെ.പി നേതാവ് യാസർ ജീലാനി പറഞ്ഞു. അർശദ് മദനിയുടെ പ്രസ്താവനയിൽ ആശയക്കുഴപ്പമുണ്ടെന്നും പണമിരട്ടിപ്പ് തട്ടിപ്പ് നടത്തി പണം സമ്പാദിച്ചയാളാണ് അൽ ഫലാഹ് സ്ഥാപകനെന്നും യാസർ ജീലാനി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.