മുംബൈ: തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സഖ്യം ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. രാഹുൽ ഗാന്ധിയെ വിളിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇക്കാര്യം ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. നേരത്തെ മഹാവികാസ് അഖാഡി സഖ്യം വിടാൻ ഉദ്ധവ് താക്കറെ വിഭാഗം ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഉദ്ധവ് വിഭാഗത്തിന് മനംമാറ്റമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നേരത്തെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തയാറാണെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമില്ലാതായതോടെ കോൺഗ്രസിനൊപ്പം പോയില്ലെങ്കിൽ തങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്ന തിരിച്ചറിവിൽ നിന്നാണ് സഖ്യം ശക്തമാക്കണമെന്ന ആവശ്യം ശിവസേന ഉദ്ധവ് വിഭാഗം ഉയർത്തിയതെന്നാണ് സൂചന.
2026 ജനുവരിയിൽ ബൃഹാൻ മുംബൈ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. കഴിഞ്ഞ 25 വർഷമായി ബൃഹാൻ മുംബൈ കോർപറേഷൻ ശിവസേനയുടേയും താക്കറെ കുടുംബത്തിന്റേയും നിയന്ത്രണത്തിലാണ്. ഈ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ശക്തമായ പ്രവർത്തനവുമായി ബി.ജെ.പി രംഗത്തുണ്ട്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് തിരിച്ചറിവിൽ നിന്നാണ് ശിവസേന സഖ്യം ശക്തമാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി, മഹായുതി സഖ്യത്തിന് ആധിപത്യം
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 288 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിൽ 214 തദ്ദേശസ്ഥാപനങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. മഹാവികാസ് അഘാഡി സഖ്യത്തിന് 52 സീറ്റുകളിൽ മുന്നേറ്റം നടത്താനേ കഴിഞ്ഞുള്ളൂ. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിൽ 129 ഇടങ്ങളിൽ വിജയം ഉറപ്പിച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന 53 സീറ്റിലും എൻ.സി.പി 32 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഞായറാഴ്ച രാവിലെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
അതേസമയം മഹായുതി സഖ്യത്തിന് വിജയം നേടാൻ തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ ഒത്താശകളും നൽകിയതായി ശിവസേന(യു.ബി.ടി)ആരോപിച്ചു.
ബി.ജെ.പിയുടെ വിജയം ഏക്നാഥ് ഷിൻഡെക്കും അജിത് പവാറിനും വ്യക്തമായ സൂചനയാണെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ഈ രണ്ട് സഖ്യകക്ഷികളെയും പുറത്താക്കി ബി.ജെ.പി 100 ശതമാനം വിജയം നേടുമെന്നും സംസ്ഥാന കോൺഗ്രസ് നേതാവ് ഹർഷ് വർധൻ സപ്കാൽ പറഞ്ഞു.
2024ലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവർഷം തികയുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മഹായുതിസഖ്യം ആധിപത്യം നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.