ഉന്നാവിൽ വീണ്ടും ഒമ്പതുകാരിക്ക് ക്രൂര ലൈംഗിക പീഡനം
ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ വീണ്ടും ബാലികക്ക് ക്രൂര ലൈംഗിക പീഡനവും പൊലീസ് അവഗണനയും. കുടുംബത്തോടൊപ്പം ഗംഗയിൽ പുണ്യസ്നാനത്തിനും പ്രാദേശിക ഉത്സവത്തിനും എത്തിയ ഒമ്പതുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. കുടുംബം സഞ്ചരിച്ച ട്രക്കിലെ ഡ്രൈവറുടെ മകൻ ഛോട്ടുവാണ് (25) കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം രക്തസ്രാവം നിലക്കാത്ത കുട്ടിയുമായി മാതാപിതാക്കൾ സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും പൊലീസ് അവഗണിച്ചു. കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയെ മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തിയ പൊലീസ് ഒടുവിൽ കേസെടുക്കാതെ പരാതി നൽകാൻ മറ്റൊരു സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
ഗ്രാമത്തിൽനിന്ന് കി.മീറ്ററുകൾ ട്രാക്ടറിൽ സഞ്ചരിച്ചാണ് കുട്ടിയും കുടുംബവും കഴിഞ്ഞ ദിവസം രാവിലെ ഗംഗ തീരത്തെത്തിയത്. ഗംഗ സ്നാനത്തിന് ശേഷം കുടുംബം ഉത്സവം കാണാനിറങ്ങിയപ്പോൾ ഡ്രൈവറുടെ മകനായ ഛോട്ടു തിരക്കിൽ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിരക്കിലും ബഹളത്തിലും കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല. പ്രതി കടന്നുകളഞ്ഞ ശേഷം കുട്ടി മാതാപിതാക്കളെ കണ്ടെത്തി പറയുമ്പോഴാണ് അവർ സംഭവം അറിഞ്ഞത്. തുടർന്ന് രക്തംപുരണ്ട വസ്ത്രങ്ങളോടെ കുട്ടിയുമായി മാതാപിതാക്കൾ പരാതി നൽകാൻ അടുത്തുള്ള ഒാറാസ് പൊലീസ് സ്റ്റേഷനിലെത്തി. മാതാപിതാക്കൾ സഹായത്തിന് പൊലീസുകാരോട് കേണപേക്ഷിച്ചെങ്കിലും കേസെടുക്കാൻ അവർ തയാറായില്ല. മണിക്കൂറുകൾ സ്റ്റേഷനിൽ കാത്തിരുത്തിയ ശേഷം സംഭവം നടന്നത് സാഫിപുർ സ്റ്റേഷൻ പരിധിയിലാണെന്ന് പറഞ്ഞ് അങ്ങോട്ട് അയക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ചിലർ ഇത് വാട്സ് ആപ്പിൽ പ്രചരിപ്പിച്ചതോടെയാണ് കുടുംബത്തെ സാഫിപുർ സ്റ്റേഷനിലെത്തിക്കാൻപോലും പൊലീസ് തയാറായത്. കുറ്റകൃത്യം നടന്നാൽ പരിധി നോക്കാതെ ഏത് സ്റ്റേഷനിലും പ്രഥമവിവര റിപ്പോർട്ട് (സീറോ എഫ്.െഎ.ആർ) എടുക്കണമെന്ന നിയമം നിലനിൽക്കെയാണ് പീഡനത്തിനിരയായ ഒമ്പതുകാരിക്ക് പൊലീസിൽനിന്ന് ക്രൂരമായ അവഗണന നേരിടേണ്ടിവന്നത്.
സംഭവം വിവാദമായതോടെ പരാതിയിൽ കേസെടുത്തെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. കുട്ടിയെ വൈദ്യ പരിശോധനക്കയച്ചതായും ഉന്നാവിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എസ്.കെ. സിങ് അറിയിച്ചു. ബി.ജെ.പി എം.എൽ.എ 16 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഉന്നാവ് പൊലീസിെൻറ നടപടി വൻവിവാദമായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഒമ്പതുകാരിക്ക് മനുഷ്യത്വരഹിത സമീപനം അധികൃതരിൽനിന്ന് നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.