ട്രെയിനിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് അടുത്ത ട്രാക്കിലേക്ക് ചാടി; എതിർദിശയിൽനിന്ന് വന്ന ട്രെയിനിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; അപകടം മഹാരാഷ്ട്രയിൽ

മുംബൈ: ട്രെയിനിന് തിപീടിച്ചെന്ന് തെറ്റിദ്ധരിച്ച് അടുത്ത ട്രാക്കിലേക്ക് ചാടി ഇറങ്ങിയ 11 യാത്രക്കാർക്ക് എതിർദിശയിൽനിന്ന് വന്ന മറ്റൊരു ട്രെയിനിടിച്ച് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് ദാരുണ സംഭവം.

പുഷ്പക എക്‌സ്പ്രസിൽനിന്ന് അടുത്ത ട്രാക്കിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരുടെ ശരീരത്തിലൂടെ കർണാടക എക്സ്പ്രസ് ട്രെയിൻ കയറിയിറങ്ങി.

പുഷ്പക എക്‌സ്പ്രസ് ട്രെയിനിന്‍റെ ചക്രങ്ങളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ തീപിടിച്ചെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ അടുത്ത ട്രാക്കിലേക്ക് ചാടിയതാണ് അപകടത്തിന് ഇടയാക്കിയത്. പാളത്തിലേക്ക് ചാടിയ യാത്രക്കാരെ എതിർദിശയിൽ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

എട്ടോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മഹേജിക്കും പർധാഡെ സ്റ്റേഷനും ഇടയിൽ പച്ചോറയിലാണ് ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. ലഖ്നോവിനും മുംബൈക്കും ഇടയിൽ സർവിസ് നടത്തുന്ന പുഷ്പക ഡെയ്‍ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് യാത്രക്കാരിലൊരാൾ അപായ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി. പിന്നാലെ അടുത്ത ട്രാക്കിലേക്ക് ഇറങ്ങിയ യാത്രക്കാരെയാണ് എതിർദിശയിൽ വന്ന കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ചതെന്ന് സെൻട്രൽ റെയിൽവേ വക്താവ് അറിയിച്ചു. മുംബൈയിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് പച്ചോറ. അപകടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവ സ്ഥലത്തുണ്ട്. പുഷ്പക എക്സ്പ്രസിൽ തീ പടർന്നുവെന്ന വിവരം വ്യാജമാണെന്നും റിപ്പോർട്ടുണ്ട്. ട്രാക്കിന്‍റെ ഇരു ഭാഗങ്ങളിലും പരിക്കേറ്റ കിടക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

Tags:    
News Summary - 8 Feared Dead After Being Runover By Other Train While Trying To Escape In Jalgaon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.