പുണെയിൽ ഐ.ടി കമ്പനി ഒറ്റരാത്രികൊണ്ട് അടച്ചുപൂട്ടി; 700ലധികം ജീവനക്കാർക്ക് ജോലി പോയി, ഒരാൾ അറസ്റ്റിൽ

പുണെ: മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയായ ‘തിങ്ക് ടെക്നോളജി ഇന്ത്യ’ ഒറ്റ രാത്രികൊണ്ട് അടച്ചുപൂട്ടിയതായി പരാതി. തുടർന്ന് 700ലധികം ജീവനക്കാർ തൊഴിൽരഹിതരായി. സോഫ്റ്റ്​വെയർ എൻജിനീയർമാർ, ബിരുദധാരികൾ, ഇന്റേണുകൾ തുടങ്ങി 700ലധികം പേർക്കാണ് ജോലി നഷ്ടമായത്. മുൻകൂർ നോട്ടീസ് നൽകാതെയായിരുന്നു അടച്ചുപൂട്ടൽ.

ശമ്പളം നൽകാതിരിക്കൽ, ചെക്കുകൾ ബൗൺസ് ആവുക, സാമ്പത്തിക ക്രമക്കേട് എന്നീ ആരോപണങ്ങളും കമ്പനിക്കെതിരെയുണ്ട്. വിശ്വാസ വഞ്ചനക്ക് കമ്പനി സി.ഇ.ഒ ഹർഷൽ താക്രെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിഞ്ചേവാടി പൊലീസ് സ്റ്റേഷനിൽ 25 കാരനായ ഒരു ഇന്റേൺ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 30ലധികം ജീവനക്കാരും ഇന്റേൺമാരും സമാനമായ പരാതിയുമായി രംഗത്തെത്തി. സി.ഇ.ഒക്കൊപ്പം കമ്പനിയുടെ ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് തലവനും എച്ച്.ആർ മാനേജരും പ്രതിപട്ടികയിലുണ്ട്.

2025ൽ പ്രവർത്തനമാരംഭിച്ച കമ്പനി ഈ വർഷം ഏപ്രിലിലാണ് പെട്ടെന്ന് പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നീട് ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാനോ ശമ്പളം വാങ്ങാനോ കമ്പനിയുമായി ആശയവിനിമയം നടത്താനോ കഴിഞ്ഞിരുന്നില്ല. ജീവനക്കാരിൽ നിന്നും ഇന്റേൺസിൽ നിന്നും 15,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കിയിരുന്നതായും പരാതിയിൽ പറയുന്നു.

തുടക്കത്തിൽ ശമ്പളവും സ്റ്റൈപ്പൻഡും കൃത്യമായി നൽകി വിശ്വാസം നേടിയ ശേഷം 2026 ജനുവരി മുതൽ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നത് നിർത്തുകയായിരുന്നു. തുകക്ക് പകരമായി നൽകിയ ചെക്കുകളും മടങ്ങി. ഇന്റേണൽ ഓഡിറ്റ്, ഫണ്ടിങ് കാലതാമസം തുടങ്ങിയവ പറഞ്ഞാണ് കമ്പനി ശമ്പളം വൈകിപ്പിച്ചിരുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. കമ്പനി പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് ഏപ്രിൽ 20ന് ജീവനക്കാർ പുണെ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - 700 Employees Left Jobless As Pune IT Firm Shuts Overnight CEO Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.