ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചിനെ കുറിച്ച് യു.എസ് 2018ൽ മുന്നറിയിപ്പ് നൽകി; വിമാന ദുരന്തത്തിൽ ബോയിങ് പ്രതിക്കൂട്ടിലോ ?

വാഷിങ്ടൺ: എൻജിനിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചിനെ കുറിച്ച് യു.എസ് ഫെഡറൽ ഏവിയേഷൻ 2018ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ബോയിങ് 737 വിമാനങ്ങളിലെ സ്വിച്ച് സംബന്ധിച്ചാണ് മുന്നറിയിപ്പ്. ചില വിമാനങ്ങളിലെ സ്വിച്ചിന് തകരാറുണ്ടെന്നായിരുന്നു യു.എസ് അറിയിച്ചത്.

2018 ഡിസംബറിലാണ് യു.എസ് ഇതുസംബന്ധിച്ച ഇൻഫർമേഷൻ ബുള്ളറ്റിൻ പുറത്തിറക്കിയത്. ഇതുപ്രകാരം ബോയിങ് 737 വിമാനങ്ങളില ചിലതിന്റെ ഇന്ധനനിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് ഫീച്ചറിൽ തകരാറുണ്ടെന്നായിരുന്നു കണ്ടെത്തിയത്. ഇത് സുരക്ഷിതമല്ലെന്ന് ഫെഡറൽ ഏവിയേഷൻ വ്യക്തമാക്കിയിരുന്നു. അഹമ്മദാബാദിൽ അപകടത്തിന് കാരണമായ ബോയിങ്ങിന്റെ 737-8 വിമാനത്തിലും ഇതേ സ്വിച്ച് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെ സംബന്ധിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്ത് വന്നിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. 15 പേജുള്ള റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ടേക്ക് ഓഫിന് പിന്നാലെ രണ്ട് എൻജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വിമാന എൻജിനിലേക്കുള്ള ഇന്ധനവിതരണം നിലച്ചു. ഉടൻ തന്നെ പെലറ്റുമാർ സ്വിച്ച് ഓൺ ചെയ്തുവെങ്കിലും വിമാനത്തിന്റെ പറക്കൽ സാധാരണനിലയിലേക്ക് എത്തുന്നതിന് മുമ്പ് തകർന്നുവീഴുകയായിരുന്നു.

വിമാനം തകർന്നുവീണ സ്ഥലത്തിന്റെ ഡ്രോൺ ഫോട്ടോഗ്രഫി, വിഡിയോഗ്രഫി എന്നിവയുൾപ്പടെ പരിശോധിച്ചാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. വിമാനം പറന്നുയർന്നതിന് പിന്നാലെ തന്നെ പരമാവധി വേഗതയായ 180 നോട്ട്സ് കൈവരിച്ചു. ഇതിന് പിന്നാലെ വിമാനത്തിലേക്ക് ഇന്ധനമെത്തിക്കുന്ന രണ്ട് സ്വിച്ചുകളും ഓഫാകുകയായിരുന്നു.

ഇന്ധനവിതരണം നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ റൺ പൊസിഷനിൽ നിന്നും കട്ട് ഓഫിലേക്ക് മാറുകയായിരുന്നു. ഉടൻ തന്നെ സ്വിച്ചുകൾ പഴയനിലയിലാക്കിയെങ്കിലും ത്രസ്റ്റ് വീണ്ടെടുക്കുന്നതിന് മുമ്പ് വിമാനം തകർന്നുവീണു.

വിമാനത്തിലെ കോക്പിറ്റിലെ വോയ്സ് റെക്കോഡിങ്ങും അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ട്. ഇതിൽ പൈലറ്റുമാരിലൊരാൾ എന്തിനാണ് ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുമ്പോൾ മ​റ്റൊരു പൈലറ്റ് താൻ അത് ചെയ്തിട്ടില്ലെന്ന് മറുപടി പറയുന്നത് കേൾക്കാമെന്നും റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - US warned in 2018 about a switch that controlled fuel supply; was Boeing responsible for the plane crash?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.