ജയ്പൂർ: രാജസ്ഥാനിൽ അടച്ചുപൂട്ടിയ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് തൊഴിലാളികൾ വെന്തുമരിച്ചു. അൽവാർ ജില്ലയിലെ ഖുഷ്ഖേര വ്യവസായ നഗരിയിലാണ് അപകടം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഫാക്ടറിയാണിതെന്ന് അധികൃതർ പറഞ്ഞു. കെട്ടിടത്തിൽ വലിയ അളവിൽ കാർഡ് ബോർഡുകൾ സൂക്ഷിച്ചിരുന്നു.
തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ കെട്ടിടത്തിനുള്ളിൽ നിന്ന് പുക ഉയർന്നിരുന്നു. പിന്നീട് നിമിഷങ്ങൾക്കകം തീപിടിത്തമുണ്ടാവുകയും ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായും ദൃക്സാക്ഷികൾ പറഞ്ഞു. ഫാക്ടറിയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളാവാം സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം വ്യക്തമല്ല.
തീപിടിത്തം നിയന്ത്രണ വിധേയമായെന്നും മുൻകരുതൽ നടപടിയായി തൊട്ടടുത്തുള്ള ഫാക്ടറികളിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവച്ചു.
അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ചരക്കുകൾ കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭജൻലാൽ ശർമ പരിക്കേറ്റവർക്ക് മികച്ച പരിചരണം ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.