എൻ.ആർ.സി നടപ്പാക്കി ബംഗ്ലാദേശിലേക്ക് നാടുകടത്തിയേക്കുമെന്ന ഭീതിയിൽ 63കാരൻ ജീവനൊടുക്കി

കൊൽക്കത്ത: എൻ.ആർ.സി നടപ്പാക്കി ബംഗ്ലാദേശിലേക്ക് നാടുകടത്തിയേക്കുമെന്ന ഭീതിയിൽ 63കാരൻ ജീവനൊടുക്കി. 43 വർഷമായി കൊല്‍ക്കത്തയിൽ ജീവിക്കുന്ന ദിലീപ് കുമാർ സാഹയാണ് മരിച്ചത്. കൊൽക്കത്തയിലെ വീട്ടിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബംഗ്ലാദേശിലെ ധാക്കയിലെ നവാബ്ഗഞ്ചിൽനിന്ന് 1972 ൽ കൊൽക്കത്തയിൽ എത്തിയതായിരുന്നു ഇദ്ദേഹം. റീജന്റ് പാർക്ക് പ്രദേശത്തെ ആനന്ദപ്പള്ളി വെസ്റ്റിലായിരുന്നു താമസമെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സൗത്ത് കൊൽക്കത്തയിലെ ധാക്കുരിയയിലെ സ്വകാര്യ സ്കൂളിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പിലാക്കിയാൽ ബംഗ്ലാദേശിലേക്ക് തന്നെ അയക്കുമെന്ന ഭയത്തിലായിരുന്നു ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് ഭാര്യ ആരതി സാഹ പറഞ്ഞു. കുറച്ചുകാലമായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നു. മറ്റ് ടെൻഷനുകളൊന്നും ഉണ്ടായിരുന്നില്ല. തന്നെ തടങ്കൽപ്പാളയത്തിലേക്ക് അയക്കുമെന്നും പിന്നീട് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നുമാണ് ഭയപ്പെട്ടിരുന്നത്. കുട്ടിക്കാലത്ത് കൊൽക്കത്തയിൽ എത്തിയതാണ് അദ്ദേഹം. ബംഗ്ലാദേശിൽ അദ്ദേഹത്തിന് ആരുമില്ല. വോട്ടർ ഐഡി കാർഡും മറ്റ് രേഖകളുമെല്ലാം അദ്ദേഹത്തിന് ഉണ്ടായിരുന്നു -ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

മന്ത്രിയും തൃണമൂല്‍ കോൺഗ്രസ് എം.എൽ.എയുമായ അരൂപ് ബിശ്വാസ് സ്ഥലത്തെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. രാജ്യത്തുനിന്ന് പുറത്താക്കപ്പെടുമോ എന്ന ഭയം ഒരു മനുഷ്യനെ ബാധിക്കുന്നത് ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്‍റെ ജനവിരുദ്ധ മനോഭാവമാണിതെന്നും അതിന്റെ ഫലം നമ്മുടെ മുന്നിൽതന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 63-Year-Old Man Dies By Suicide Feared Being Deported To Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.