എ.ഐ പ്രതീകാത്മക ചിത്രം

'അർധരാത്രി ചിലങ്ക ശബ്ദം, ചിരിയും കരച്ചിലും'; പ്രേതഭീതിയിൽ ഹോസ്റ്റൽ വിട്ട് 600 വിദ്യാർത്ഥികൾ, പിന്നിലെ കാരണം വ്യക്തമാക്കി വിദഗ്ധർ...

അമരാവതി: ഗവൺമെന്റ് ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് അറുനൂറോളം ഗോത്രവർഗ വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് നാടിനെയാകെ ആശങ്കയിലാഴ്ത്തിയ സംഭവം.

ഹോസ്റ്റലിലെ ചില പെൺകുട്ടികൾക്ക് പ്രേതബാധയുണ്ടെന്നും രാത്രികാലങ്ങളിൽ ചിലങ്കയുടെ ശബ്ദം കേൾക്കാറുണ്ടെന്നുമാണ് വിദ്യാർത്ഥികളുടെ അവകാശവാദം. വടക്കൻ മഹാരാഷ്ട്രയിലെ ആദിവാസി മേഖലയായ മേൽഘട്ടിലെ ചിക്കൽധാര താലൂക്കിലുള്ള ഡോമ ഗ്രാമത്തിലാണ് സംഭവം.

ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ഈ ആശ്രമ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 810 വിദ്യാർത്ഥികളാണുള്ളത്. ജൂലൈ 22-ന് നാല് പെൺകുട്ടികൾ അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇവർ യാതൊരു നിയന്ത്രണമില്ലാതെ കരയുകയും ചിരിക്കുകയും ചെയ്തുവെന്നും ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന അഭ്യൂഹം കാട്ടുതീ പോലെ പരക്കുകയും, ദിവസങ്ങൾക്കുള്ളിൽ അറുനൂറോളം വിദ്യാർത്ഥികൾ ഭയന്ന് വീടുകളിലേക്ക് മടങ്ങുകയുമായിരുന്നു.

എന്നാൽ, സംഭവത്തിൽ അമാനുഷികമായി ഒന്നുമില്ലെന്നും മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട 'സെലക്ടീവ് ഹിസ്റ്റീരിയ' (Selective Hysteria) എന്ന അവസ്ഥയാകാം കുട്ടികൾക്ക് ഉണ്ടായതെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ട്രൈബൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ആരോഗ്യവിദഗ്ധർ സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗ്രാമത്തിലെ ചില സ്ത്രീകൾക്കും സമാനമായ മാനസിക ബുദ്ധിമുട്ടുകൾ കണ്ടതായി അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർത്ഥികൾക്കിടയിൽ പ്രധാനമായും മൂന്ന് അന്ധവിശ്വാസങ്ങളാണ് പ്രചരിക്കുന്നത്, ആശ്രമ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് ഒരു 'മഹുവ' (ഇലിപ്പ) മരമുണ്ടായിരുന്നുവെന്നും അവിടെ ആത്മാക്കൾ വസിച്ചിരുന്നുവെന്നുമാണ് അതിൽ ഒന്ന്. സ്കൂൾ അധികൃതർ ഈ മരം മുറിച്ചുമാറ്റിയതോടെ കുപിതരായ ആത്മാക്കൾ വിദ്യാർത്ഥികളെ ശല്യം ചെയ്യുകയാണെന്ന് ഇവർ വിശ്വസിക്കുന്നു.

സ്കൂളിന് പിന്നിലുള്ള ക്ഷേത്രത്തിലേക്ക് ഹോസ്റ്റലിൽ നിന്നുള്ള ഡ്രെയിനേജ് ചാനൽ കടന്നുപോയത് ദേവകോപത്തിന് കാരണമായെന്നതാണ് മറ്റൊരു പ്രചാരണം. സ്കൂളിന് സമീപമുള്ള പാടത്ത് മരിച്ച ഒരു ആദിവാസി യുവാവിന്റെ ആത്മാവാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ചിലർ വിശ്വസിക്കുന്നു. അന്ധവിശ്വാസങ്ങൾക്കും ഭയത്തിനും പുറമെ കടുത്ത മാനസിക സമ്മർദ്ദവുമാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അന്ധവിശ്വാസ നിർമാർജനത്തിനായി പ്രവർത്തിക്കുന്ന മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി ഭാരവാഹികൾ വിദ്യാർത്ഥികളുമായി സംസാരിക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്തു. സംഭവത്തെ ശാസ്ത്രീയമായി സമീപിക്കണമെന്നും അന്ധവിശ്വാസങ്ങളിൽ വീഴരുതെന്നും അവർ അഭ്യർത്ഥിച്ചു.

വിദ്യാർത്ഥികൾ ഭയപ്പെടേണ്ടതില്ലെന്നും എത്രയും വേഗം ക്ലാസുകളിൽ തിരിച്ചെത്തണമെന്നും അമരാവതി എം.പി ബൽവന്ത് വാംഖഡെ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്ക് വിദഗ്ധ കൗൺസിലിംഗ് നൽകി അവരെ തിരികെ സ്കൂളിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്നും, ചില കുട്ടികൾ ഇതിനോടകം തിരിച്ചെത്തിയിട്ടുണ്ടെന്നും പ്രധാനാധ്യാപകൻ സഞ്ജയ് ചൗധരി അറിയിച്ചു.

Tags:    
News Summary - 600 Students Leave Maharashtra Hostel Over Ghost Rumors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.