പാലക്കാട്: രാജ്യത്തെ 60 മെഡിക്കൽ കോളജുകൾ ഇന്റേണുകളായ ഡോക്ടർമാർക്ക് സ്റ്റൈപൻഡ് നൽകുന്നില്ലെന്ന് വിവരാവകാശ രേഖ. ഇതിൽ 33 സർക്കാർ മെഡിക്കൽ കോളജുകളും ഉൾപ്പെടും. ഇന്ത്യയിലാകെ 753 മെഡിക്കൽ കോളജുകളാണുള്ളത്. എന്നാൽ, 2024 ജൂലൈ 29ന് ദേശീയ മെഡിക്കൽ കമീഷനു കീഴിലെ അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ബോർഡിൽ കണക്ക് നൽകിയത് സർക്കാർ മേഖലയിലെ 290ഉം സ്വകാര്യ മേഖലയിലെ 260ഉം ഉൾപ്പെടെ 555 കോളജുകൾ മാത്രമാണ്. ബാക്കി 198 കോളജുകൾ (115 കോളജുകളും 83 സ്വകാര്യ കോളജുകളും, ഡീംഡ് ടു ബി സർവകലാശാലകളുമുൾപ്പെടെ) വിവരങ്ങൾ നൽകിയിട്ടില്ല.
ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബു നൽകിയ ചോദ്യത്തിനുള്ള മറുപടിയായാണ് ദേശീയ മെഡിക്കൽ കമീഷൻ വിവരങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മെഡിക്കൽ കമീഷൻ ചട്ടപ്രകാരം അണ്ടർ ഗ്രാജ്വേറ്റ് (യു.ജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) വിദ്യാർഥികൾക്ക് സ്റ്റൈപൻഡിനർഹതയുണ്ട്. എന്നാൽ, കമീഷന്റെ വിവരശേഖരണത്തിനുശേഷം ആറു മാസം പിന്നിട്ടിട്ടും കണക്കുകൾ ബോധിപ്പിക്കാത്ത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികാരമുണ്ടായിട്ടും നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് പറഞ്ഞ് ദേശീയ കമീഷൻ കൈയൊഴിയുകയാണെന്നാണ് ആക്ഷേപം.
290 സർക്കാർ മെഡിക്കൽ കോളജുകളിൽ 257 എണ്ണമാണ് സ്റ്റൈപൻഡ് നൽകിയത്. 33 കോളജ് അധികൃതർ സ്റ്റൈപൻഡ് നൽകിയിട്ടില്ലെന്ന് സമ്മതിച്ചു. 265 സ്വകാര്യ മെഡിക്കൽ കോളജുകളിൽ 238 എണ്ണം മാത്രമേ സ്റ്റൈപൻഡ് നൽകിയിട്ടുള്ളൂ. 27 സ്വകാര്യ കോളജുകൾ സ്റ്റൈപൻഡ് നൽകിയിട്ടില്ലെന്ന് എൻ.എം.സി കൺസൽട്ടൻറ് രാം ചന്ദർ സാക്ഷ്യപ്പെടുത്തിയ മറുപടിയിൽ പറയുന്നു. സെപ്റ്റംബർ 23ന് പ്രസിദ്ധീകരിച്ച മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻസ് പ്രകാരം മെഡിക്കൽ കമീഷന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല.
ഇന്റേണുകൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും സ്റ്റൈപൻഡ് നൽകാത്തതുൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കാം. ചട്ടലംഘനം ബോധ്യപ്പെട്ടാൽ അഞ്ച് അധ്യയനവർഷം അംഗീകാരം തടയാമെന്നും ഒരു കോടി രൂപ വരെ പിഴ ഈടാക്കാമെന്നും ചട്ടം നിർദേശിക്കുന്നതായി ഡോ. കെ.വി. ബാബു പറഞ്ഞു. ഇടപെടാനാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.