പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ ധനസമാഹരണം; തട്ടിപ്പിൽ വീഴരുതെന്ന് ഇന്റലിജൻസ് ബ്യൂറോ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ ജനങ്ങളെ സ്വാധീനിച്ച് വൻതോതിൽ പണപ്പിരിവ് നടത്തുന്ന ചാരിറ്റി തട്ടിപ്പ് സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഇന്റലിജൻസ് ബ്യൂറോ. യുദ്ധബാധിതരെ സഹായിക്കാനെന്ന വ്യാജേന കോടിക്കണക്കിന് രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത് റിപ്പോർട്ട്. ജമ്മു കശ്മീരിലാണ് തട്ടിപ്പ് ഏറ്റവും വ്യാപകമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാനിർദേശം നൽകി.

ജമ്മു കശ്മീരിൽ മാത്രം ഏകദേശം 16 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. പ്രധാനമായും ശിയാ വിഭാഗത്തിൽപ്പെട്ടവരെയാണ് വൈകാരികമായി സ്വാധീനിച്ച് തട്ടിപ്പ് നടത്തുന്നത്. പണത്തിന് പുറമെ സ്വർണം, സമ്പാദ്യങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയും ജനങ്ങളിൽനിന്ന് സംഘങ്ങൾ കൈക്കലാക്കുന്നു. പിരിച്ചെടുക്കുന്ന തുക വ്യക്തിഗത നേട്ടങ്ങൾക്കും ഒപ്പം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റലായി രൂപമാറ്റം വരുത്തിയ യുദ്ധചിത്രങ്ങൾ ഉപയോഗിച്ച് വീടുകൾ തോറും കയറിയിറങ്ങിയാണ് ഇവർ പിരിവ് നടത്തുന്നത്. വ്യാജ രസീതുകൾ നൽകി വിശ്വസിപ്പിച്ചാണ് സാധാരണക്കാരെ ചതിയിൽപ്പെടുത്തുകയാണ്. കശ്മീരിൽ മുമ്പ് വിഘടനവാദികൾക്കായി ഫണ്ട് ശേഖരിച്ചിരുന്ന അതേ ശൃംഖല തന്നെയാണ് ഇപ്പോൾ ഈ തട്ടിപ്പിന് പിന്നിലെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇസ്രായേൽ-ഫലസ്തീൻ യുദ്ധസമയത്തും സമാനമായ രീതിയിൽ തട്ടിപ്പുകൾ നടന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്ക് പണമോ മറ്റ് സഹായങ്ങളോ നൽകരുതെന്ന് അധികൃതർ അറിയിച്ചു. സംശയാസ്പദമായ രീതിയിൽ പിരിവ് നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ പോലീസിനെയോ ബന്ധപ്പെട്ട ഏജൻസികളെയോ അറിയിക്കണമെന്നും ഇന്റലിജൻസ് ബ്യൂറോ നിർദേശിച്ചു.

Tags:    
News Summary - Fundraising under the guise of the Middle East war; Intelligence Bureau warns against falling for scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.