പുതുച്ചേരി: ലച്ചിയ ജനനായക കച്ചി (എൽ.ജെ.കെ) സ്ഥാപകനും ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ മകനുമായ ജോസ് ചാൾസ് മാർട്ടിന് 600 കോടി രൂപയുടെ സ്വത്തുക്കൾ. പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയത്. പുതുച്ചേരിയിലെ കാമരാജ് നഗർ മണ്ഡലത്തിൽനിന്ന് എൻ.ഡി.എയുടെ ഭാഗമായാണ് ജോസ് ചാൾസ് മാർട്ടിൻ മത്സരിക്കുന്നത്. ജോസ് ചാൾസ് മാർട്ടിന്റെ പേരിൽ 600 കോടിയുടെ സ്വത്തുവകകളുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഭാര്യ സിന്ധു ശ്രീ ചാൾസിന്റെ പേരിൽ 340 കോടിയുടെ ജംഗമ ആസ്തികളും 270 കോടി രൂപയുടെ സ്ഥാവര ആസ്തികളുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ചാൾസ് മാർട്ടിന് 45 കോടി രൂപയുടെ വജ്രാഭരണങ്ങൾ, 38 കോടി രൂപയുടെ ആഡംബര വാച്ചുകൾ, 26 കോടി രൂപയുടെ 17.5 കിലോഗ്രാം സ്വർണാഭരണങ്ങൾ, 135 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 3.8 കോടി രൂപയുടെ ആഭരണങ്ങൾ എന്നിവയുണ്ട്. ഭാര്യയുടെ കൈവശം 5.35 കോടി രൂപയുടെ 3.6 കിലോ സ്വർണാഭരണങ്ങൾ, 2.1 കോടി രൂപയുടെ വജ്രാഭരണങ്ങൾ, 60 കിലോ വെള്ളി ആഭരണങ്ങൾ, 1.68 കോടി രൂപയുടെ ആഭരണങ്ങൾ, 1.14 കോടി രൂപയുടെ ആഡംബര വാച്ചുകൾ എന്നിവ കൈവശമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 59.37 കോടി രൂപയുടെ വരുമാനം നേടി. വിവിധ ബാങ്കുകളിലായി 200 കോടിയിലധികം രൂപ നിക്ഷേപിക്കുകയും 14.28 കോടി രൂപ ഓഹരികളിൽ നിക്ഷേപിക്കുകയും ചെയ്തു. ദേശീയ, അന്തർദേശീയ ക്രെഡിറ്റ് കാർഡുകളുടെ കുടിശ്ശിക ഒരു കോടി രൂപയുണ്ട്. കൂടാതെ 210 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും ചാൾസ് മാർട്ടിൻ സത്യവാങ്മൂലത്തിൽ പറയുന്നു.
വിവിധ കോടതികളിലായി നിരവധി ഗുരുതര കുറ്റകൃത്യങ്ങളുടെ കേസുകളും ചാൾസ് മാർട്ടിന്റെ പേരിലുണ്ട്. കളളപ്പണം വെളുപ്പിക്കൽ, അനധികൃത വരുമാനം തുടങ്ങിയവക്കെതിരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുള്ളത്.
എറണാകുളത്തെ എൻ.ഐ.എ കോടതിയിലും സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. കൂടാതെ പശ്ചിമ ബംഗാളിലും ലോട്ടറി ടിക്കറ്റ് വിൽപ്പനയും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകളുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.