രേഖകൾ കൈയ്യിൽ കരുതിയില്ലേ? വിഷമിക്കേണ്ട; ആധാർ കാർഡും പാൻ കാർഡും ഡിജിലോക്കർ വഴി ഇനി വാട്‌സ്ആപ്പിലും

ന്യൂഡൽഹി: സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി, ഡിജിലോക്കർ മുഖേന ആധാർ കാർഡ് വാട്‌സ്ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം കേന്ദ്ര സർക്കാർ സജ്ജമാക്കി. മൈഗവ് ഹെൽപ്പ്‌ഡെസ്ക് (MyGov Helpdesk) ചാറ്റ്‌ബോട്ട് വഴിയാണ് ഈ സേവനം ലഭ്യമാകുക. യു.ഐ.ഡി.എ.ഐ പോർട്ടലിലെ തിരക്കോ കാപ്‌ച കോഡുകളുടെ നൂലാമാലകളോ ഇല്ലാതെ തന്നെ 24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താം.

വാട്‌സ്ആപ്പിലൂടെ ആധാർ ലഭിക്കാൻ ആദ്യം +91-9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക. വാട്‌സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് "Hi" അല്ലെങ്കിൽ "Namaste" എന്ന് സന്ദേശം അയക്കുക. ചാറ്റ്‌ബോട്ട് നൽകുന്ന ഓപ്ഷനുകളിൽ നിന്ന് "DigiLocker Services" എന്നത് തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഡിജിലോക്കർ അക്കൗണ്ട് ഉണ്ടോ എന്ന് ചാറ്റ്‌ബോട്ട് ചോദിക്കും. ഉണ്ടെങ്കിൽ 'Yes' നൽകുക. അക്കൗണ്ട് ഇല്ലാത്തവർക്ക് ഡിജിലോക്കർ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ നേരത്തെ അക്കൗണ്ട് തുടങ്ങാവുന്നതാണ്.

നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്യുക. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി ചാറ്റിൽ നൽകുക. വെരിഫിക്കേഷൻ പൂർത്തിയായാൽ ഡിജിലോക്കറിലുള്ള രേഖകളുടെ പട്ടിക ലഭിക്കും. ഇതിൽ നിന്ന് 'Aadhaar' തിരഞ്ഞെടുത്താൽ ഉടൻ തന്നെ ആധാർ കാർഡിന്റെ പി.ഡി.എഫ് ചാറ്റിൽ ലഭ്യമാകും.

വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന പി.ഡി.എഫ് ഡിജിറ്റൽ ഒപ്പുള്ളതാണ്. ഇത് അസ്സൽ ആധാർ കാർഡിന് തുല്യമായ നിയമസാധുതയുള്ള രേഖയായി കണക്കാക്കും. ഡൗൺലോഡ് ചെയ്യുന്ന ഫയൽ പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിതമായിരിക്കും. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ തന്നെയായിരിക്കണം ഉപയോഗിക്കുന്നത്. കൂടാതെ, ഡിജിലോക്കറിൽ ആധാർ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആധാർ കൂടാതെ പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകളും ഇതേ രീതിയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Tags:    
News Summary - Aadhaar card and PAN card can now be sent on WhatsApp via DigiLocker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.