ബികാനീറിൽ പ്രസവാനന്തരം അമ്മമാർക്ക് വൃക്ക തകരാറ്; കോട്ടയിലെ മരണങ്ങൾക്ക് പിന്നാലെ രാജസ്ഥാനിൽ വീണ്ടും ആശങ്ക

ബികാനീർ: രാജസ്ഥാനിൽ കോട്ടയിലെ മാതൃമരണങ്ങൾക്ക് തൊട്ടുപിന്നാലെ ബിക്കാനീറിലെ ആശുപത്രിയിൽ പ്രസവ ശേഷം അമ്മമാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.  ബിക്കാനീറിലെ പ്രിൻസ് ബിജയ് സിങ് മെമ്മോറിയൽ (പി.ബി.എം) ആശുപത്രിൽ അടുത്തിടെ പ്രസവിച്ച അഞ്ച് സ്ത്രീകൾ വൃക്ക തകരാറ് ഉൾപ്പെടെ സംഭവിച്ച് ഗുരുതരാവസ്ഥയിലായതായാണ് റിപ്പോർട്ട്. ഇതിൽ ഒരാളുടെ നില അതീവ ഗരുതുരമാണ്.കോട്ടയിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം നിരവധി സ്ത്രീകൾ മരിച്ചതിന് തൊട്ടുപിന്നാലെയുള്ള പുതിയ സംഭവവികാസം സർക്കാരിനെ ആശങ്കയിലാക്കി. സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിംസർ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ചുചേർത്തു.

ബിക്കാനീർ സംഭവത്തെ കോട്ട കേസുമായി ബന്ധിപ്പിക്കരുതെന്നും രണ്ട് സാഹചര്യങ്ങളും വ്യത്യസ്തമാണെന്നും ഖിംസർ പറഞ്ഞു. സിസേറിയന് വിധേയരായവരും സാധാരണ പ്രസവം നടന്നവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രസവിച്ച് 10 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ അഞ്ച് സ്ത്രീകൾ ഗുരുതരാവസ്ഥയിലായതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരിൽ രണ്ടുപേർ സിസേറിയന് വിധേയരായവരും മൂന്ന് പേർ സാധാരണ നിലയിൽ പ്രസവിച്ചവരുമാണ്. അഞ്ച് സ്ത്രീകളെയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച് ഡയാലിസിസിന് വിധേയരാക്കിവരികയാണ്. ഫലോഡിയിൽ നിന്നുള്ള 20 വയസ്സുള്ള ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സ തേടുകയാണെന്നും അധികൃതർ അറിയിച്ചു.

മൂത്രാശയ തടസ്സം, അണുബാധ, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയൽ, വൃക്ക തകരാറ് തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകൾക്ക് അനുഭവപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തിയതായി പി.ബി.എം ആശുപത്രി സൂപ്രണ്ട് ബി.സി. ഘിയ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാലുടൻ സംസ്ഥാന സർക്കാരിന് കൈമാറും.അതേസമയം, രോഗികളുടെ അവസ്ഥയെയും ചികിത്സയെയും കുറിച്ച് മതിയായ വിവരങ്ങൾ തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ഇരയായ സ്ത്രീകളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

Tags:    
News Summary - 5 Women Develop Kidney Failure After Childbirth In Rajasthan, Probe Initiated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.