നേതാക്കൾ ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല -തുറന്നടിച്ച് ഗുലാംനബി ആസാദ്

ന്യൂഡൽഹി: കോൺഗ്രസിന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം നേതാക്കളുടെ ഫൈവ് സ്റ്റാർ സംസ്കാരമാണെന്ന് വിമർശിച്ച് മുതിർന്ന നേതാവ് ഗുലാംനബി ആസാദ്. ഈ സംസ്കാരം ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ ഉയർന്ന വിമതസ്വരങ്ങൾ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വളരുന്ന സാഹചര്യത്തിലാണ് ഗുലാംനബിയുടെ വിമർശനം.

തെരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവർക്കും ആശങ്കയുണ്ട്. പ്രത്യേകിച്ച് ബിഹാറിലെയും മറ്റ് ഉപതെരഞ്ഞെടുപ്പുകളിലെയും. തോൽവിക്ക് നേതൃത്വത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. താഴെത്തട്ടിലുള്ള ബന്ധം പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

ഫൈവ് സ്റ്റാർ സംസ്കാരത്തിന് തെരഞ്ഞെടുപ്പുകളിൽ ജയിക്കാനാകില്ല. ഇന്ന് ഒരു നേതാവിന് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് കിട്ടുകയാണെങ്കിൽ ആദ്യം ചെയ്യുന്നത് ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറി ബുക്ക് ചെയ്യുകയാണ്. തകർന്ന റോഡ് ഉണ്ടെങ്കിൽ അതുവഴി പോകില്ല. ഈ സംസ്കാരം മാറാതെ തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല -അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് 72 വർഷത്തെ ഏറ്റവും വലിയ തകർച്ചയിലാണ്. ലോക്സഭയിൽ പ്രതിപക്ഷത്തിന്‍റെ പദവി പോലുമില്ല.

ഭാരവാഹികള്‍ അവരുടെ ഉത്തരവാദിത്തം മനസ്സിലാക്കിയേ മതിയാകൂ. പാര്‍ട്ടി ഭാരവാഹികളെ നാമനിര്‍ദേശം ചെയ്യുന്നിടത്തോളം കാലം അവര്‍ പ്രവര്‍ത്തനത്തിന് ഇറങ്ങില്ല. എന്നാല്‍ എല്ലാ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയാണെങ്കില്‍ അപ്പോള്‍ അവര്‍ക്ക് ഉത്തരവാദിത്തത്തെ കുറിച്ച് ബോധ്യമുള്ളവരാകും. ഇപ്പോള്‍ ആര്‍ക്കും പാര്‍ട്ടിയിൽ എന്ത് സ്ഥാനവും കിട്ടുമെന്നും ആസാദ് ചൂണ്ടിക്കാണിച്ചു.

ഗാന്ധി കുടുംബത്തിന് ക്ലീൻ ചിറ്റ് നൽകിയ ഗുലാംനബി ആസാദ്, കോവിഡ് സാഹചര്യത്തിൽ അവർക്ക് കാര്യമായൊന്നും ചെയ്യാനാകുന്നില്ലെന്ന് വ്യക്തമാക്കി. അതേസമയം, ഹൈക്കമാൻഡിന് മുമ്പാകെ ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ച ആവശ്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ ഒരു ബദലായി മാറാനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയണമെങ്കിൽ തെരഞ്ഞെടുപ്പ് നടത്താൻ നേതൃത്വം തയാറാകണമെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി. 

Tags:    
News Summary - '5-star culture among leaders stopping Congress from winning elections': Ghulam Nabi on party's recent losses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.