ഹൽവദ്: ഗുജറാത്തിലെ ചാരാദ്വ ഗ്രാമത്തിന് സമീപം വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരു ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് വന്ന ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി 9:30 ഓടെയായിരുന്നു സംഭവം. ഒരു പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് ട്രക്ക് കാറിൽ ഇടിച്ചത്. അപകടത്തെത്തുടർന്ന് കാർ ഡ്രൈവർ വാഹനം നിയന്ത്രിക്കാനും ആശുപത്രിയിലേക്ക് എത്തിക്കാനും ശ്രമിച്ചെങ്കിലും ട്രക്കുമായി വീണ്ടും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിനടിയിലേക്ക് കുടുങ്ങിപ്പോകുകയും യാത്രക്കാർ വാഹനത്തിന്റെ ഇരുമ്പ് പാളികൾക്കിടയിൽ ഞെരിഞ്ഞമരുകയും ചെയ്തു. അപകടം നടന്നയുടനെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെ.സി.ബി യന്ത്രത്തിന്റെ സഹായത്തോടെ കാറിന്റെ ബോഡി മുറിച്ചുമാറ്റിയാണ് കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സുരേഷ് സിഹോറ (45), വിരം ദാഹിയ (28), പരേഷ് ദാഹിയ (24), പ്രേംജി ദാഹിയ, ഭരത് ദാഹിയ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ എല്ലാവരും രഞ്ചോഡ്ഗഢ് ഗ്രാമവാസികളാണ്. ഗുരുതരമായി പരിക്കേറ്റ പ്രകാശ് ദാഹിയ, ദിലീപ് ദാഹിയ എന്നിവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ് ഹൽവദ് താലൂക്ക് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രക്ക് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.