ന്യൂഡൽഹി: ഝാർഖണ്ഡിലെ ആശുപത്രിയിൽ നിന്നും രക്തംസ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. സിങ്ഭും ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഛായിബസയിലെ സർക്കാർ ആശുപത്രിയിൽവെച്ചാണ് ഇവർ രക്തം സ്വീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ സംസ്ഥാന ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. തലാസീമിയ ബാധിച്ച കുട്ടിയിൽ നടത്തിയ പരിശോധനയിൽ എച്ച്.ഐ.വി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെ ബ്ലഡ് ബാങ്കില നിന്നാണ് കുട്ടി രക്തം സ്വീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിൽ ഇതേ രോഗം ബാധിച്ച് രക്തം സ്വീകരിച്ച അഞ്ച് കുട്ടികളിലും എച്ച്.ഐ.വി കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഝാർഖണ്ഡ് സർക്കാർ ഇതേക്കുറിച്ച് അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ.ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയേയാണ് നിയോഗിച്ചത്. സമിതി നടത്തിയ പ്രാഥമിക പരിശോധനയിൽ ബ്ലെഡ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ഡോ.ശിപ്രദാസ്, ഡോ.എസ്.എസ് പാസ്വാൻ, ഡോ.ഭഗത്, ജില്ലാ സിവിൽ സർജൻ ഡോ.സുശാന്തോ കുമാർ മാജി, ഡോ.ശിവചരൺ ഹാൻസദ, ഡോ.മിനു കുമാരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ബ്ലഡ് ബാങ്കിൽ രക്തം നൽകുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലടക്കം വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് സമിതി വിശദമായ അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.