മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ ആറ് പേർ മരിച്ചു. വീടിനുള്ളിൽ കുടുങ്ങിപ്പോയ ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആറുപേരും മരണത്തിന് കീഴടങ്ങിയത്. ഇക്ബാൽ എന്ന വ്യക്തിയുടെ വീടിനാണ് തീപിടിച്ചത്. വീടിന്റെ താഴത്തെ നില വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായാണ് ഉപയോഗിച്ചിരുന്നത്. മുകളിലത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
വൈകുന്നേരത്തെ നമസ്‌കാരത്തിനായി ഇക്ബാലും സഹോദരനും പുറത്തുപോയ സമയത്താണ് അപകടം നടന്നത്. ഈ സമയം രണ്ട് സ്ത്രീകളും അഞ്ച് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുകളിലത്തെ നിലയിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് തീ പടർന്നത്. പുറത്തേക്കുള്ള വഴിയിൽ തീയും പുകയും നിറഞ്ഞതോടെ ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മരിച്ച അഞ്ച് കുട്ടികളും 5 വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. വീടിനുള്ളിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. വളരെ ഇടുങ്ങിയ വഴികളായതിനാൽ ഫയർ എഞ്ചിനുകൾക്ക് സംഭവസ്ഥലത്തെത്താൻ കാലതാമസം നേരിട്ടു. ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.
വീടിനുള്ളിൽ കുടുങ്ങിയ ഏഴുപേരെയും വളരെ പ്രയാസപ്പെട്ടാണ് പുറത്തെത്തിച്ചത്. വലിയ ഫയർ ടെൻഡറുകൾക്ക് വീടിനടുത്തേക്ക് എത്താൻ സാധിച്ചില്ല. ദൂരെയുള്ള റോഡിൽ ഫയർ എഞ്ചിൻ നിർത്തി പൈപ്പുകൾ വലിച്ചുകെട്ടിയാണ് വെള്ളം എത്തിച്ചത്. സുരക്ഷക്കായി ജനലുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ലുകൾ കാരണം ആളുകൾക്ക് പുറത്തേക്ക് ചാടാനോ നാട്ടുകാർക്ക് ഉള്ളിലേക്ക് കടക്കാനോ സാധിച്ചില്ല. പിന്നീട് ഗ്രില്ലുകൾ അറുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് കുട്ടികളുടെയും ഒരു സ്ത്രീയുടെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരാൾ മീററ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ ഗോഡൗണിലെ തുണികൾക്ക് തീപിടിച്ചതാണോ അപകടകാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഗോഡൗണിൽ തീപിടുത്തം തടയാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. അനുമതിയില്ലാതെ ജനവാസ മേഖലയിൽ ഗോഡൗൺ പ്രവർത്തിപ്പിച്ചതിന് ഉടമയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.