ഗുവാഹത്തി: ജനുവരി 6ന് അസമിലെ ദിമാ ഹസാവു ജില്ലയിലെ കൽക്കരി ഖനിയിലെ അപകടത്തിൽ മരിച്ചവരുടെ മുഴുവൻ മൃതദേഹങ്ങളും കണ്ടെടുത്തു. വെള്ളം കയറിയതിനെ തുടർന്ന് 9 തൊഴിലാളികളായിരുന്നു ഖനിയിൽ കുടുങ്ങിയത്. തുടർച്ചയായ 44 ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മേഘാലയ അതിർത്തിയിലെ ഉംറാങ്‌സോയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. ദേശിയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്തനിവാരണ സേന (എസ്.ഡി.ആർ.എഫ്), നേവി, ആർമി തുടങ്ങിയ സേനകളായിരുന്നു 44 ദിവസത്തെ തിരച്ചിലിന് നേതൃത്വം നൽകിയത്. ജനുവരി 11നാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ തൊട്ടടുത്ത ദിവസങ്ങളായി 3 മൃതദേഹവും കൂടി കണ്ടെടുത്തു. ഖനിക്ക് 310 അടി ആഴമുണ്ട്. രക്ഷാപ്രവർത്തനത്തിന് ഏറ്റവും വെല്ലുവിളി നേരിട്ടത് തുടർച്ചയായുള്ള വെള്ളത്തിന്റെ ഒഴുക്കാണ്. ഓരോ മണിക്കൂറിലും 5 ലക്ഷം ലിറ്റർ വെള്ളമാണ് ഖനിയിൽ നിന്ന് പുറത്തേക്ക് പമ്പ് ചെയ്തതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഓഫിസർ പറഞ്ഞു.
ഗംഗ ബഹദൂർ ശ്രേസ്ത് (38), ഹുസൈൻ അലി (30), ജാകിർ ഹുസൈൻ (38), സർപ ബർമൻ (46), മുസ്തഫ ഷെയ്ഖ് (44), ഖുശി മോഹൻ റായ് (57), സഞ്ജിത് സർക്കാർ (35), ലിജൻ മഗർ (26) ശരത് ഗോയറി (37) എന്നി 9 തൊഴിലാളികളാണ് മരിച്ചത്. അവസാനം കണ്ടെടുത്ത അഞ്ച് പേരുടെ തിരച്ചിൽ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി 'ഹിമന്ത ബിശ്വ ശർമ്മ' എക്സ്സിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.