ഐ.സി ചിപ്പ് ഘടിപ്പിച്ച് ഇന്ധന വെട്ടിപ്പ്: 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു, 13 പേർ അറസ്​റ്റിൽ

ഹൈദരാബാദ്​: ഐ.സി (ഇൻറഗ്രേറ്റഡ്​ സർവിസ്​) ചിപ്പ് ഉപയോഗിച്ച് വാഹനത്തിൽ നിറക്കുന്ന ഇന്ധനത്തി​െൻറ അളവില്‍ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച കേസിൽ 13 പേർ അറസ്​റ്റിൽ. 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാനയിലും ആന്ധ്രപ്രദേശിലുമാണ് സംഭവം. സൈബറാബാദ്​ പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇന്ധന വെട്ടിപ്പ് പിടികൂടിയത്.

ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ 970 മില്ലിലിറ്റര്‍ മാത്രം ടാങ്കിലേക്ക് എത്തുന്ന രീതിയിൽ ഐ.സി ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡിസ്പ്ലേ ബോര്‍ഡില്‍ ഉപഭോക്താവ് ആവശ്യപ്പെട്ട അളവ് കാണും. പക്ഷേ, വാഹനത്തില്‍ കുറഞ്ഞ അളവിലേ ഇന്ധനമെത്തൂ. അറസ്​റ്റിലായവരിൽ ഒമ്പതുപേർ പമ്പുടമകളും നാലുപേർ ​തട്ടിപ്പ്​ സംഘാംഗങ്ങളുമാണ്​. ഏഴുപേരെ കൂടി പിടികൂടാനുണ്ടെന്നും വെട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധമുള്ളതായും സൈബറാബാദ്​ പൊലീസ് കമീഷണര്‍ വി.സി. സജ്ജനാര്‍ വെളിപ്പെടുത്തി.

80,000 മുതൽ 1.2 ലക്ഷം രൂപവരെ ചെലവിട്ടാണ് ഓരോ പമ്പുടമയും ഐ.സി ഘടിപ്പിച്ചത്. വാഹനങ്ങളില്‍ നിറക്കുന്ന ഇന്ധനത്തി​െൻറ അളവിലാണ് കൃത്രിമം കാണിച്ചത്. കുപ്പികളില്‍ കൃത്യം അളവില്‍ നല്‍കുന്നതിനാൽ, തട്ടിപ്പ് മറച്ചുവെക്കാനായി. അറസ്​റ്റിലായ മെഷീൻ മെക്കാനിക്​ സുഭാനി ബാഷയില്‍നിന്ന് 14 ഐ.സികളും ജി.ബി.ആര്‍ കേബ്​ളും മദര്‍ബോര്‍ഡും പിടികൂടി. മുംബൈയിൽനിന്നാണ്​ ഇയാൾ ഐ.സി​ സംഘടിപ്പിച്ചത്​.

പൂട്ടിച്ചവയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷ​െൻറയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷ​െൻറയും എസ്സാറി​െൻറയും പമ്പുകളുണ്ട്​. ​ഇന്ധന വെട്ടിപ്പ് തടയാനുള്ള നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും നിര്‍ദേശം നല്‍കിയെന്ന് കമീഷണര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.