ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 70 സ്ഥാനാർഥികളിൽ 31 പേർ ക്രിമിനൽ കേസ് പ്രതികൾ. മത്സരിച്ച 699 സ്ഥാനാർഥികളുടെ സത്യവാങ്മൂലം പരിശോധിച്ച തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആർ) ഡൽഹി ഇലക്ഷൻ വാച്ചും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിമിനൽ കേസുകളുള്ളവരുടെ വിജയം ആശങ്കജനകമാണെന്ന് ഇവർ പറഞ്ഞു. ഏഴാം നിയമസഭയിൽ 43 എം.എൽ.എമാരായിരുന്നു ക്രിമിനൽ കേസ് പ്രതികൾ. എം.എൽ.എമാരിൽ 17 പേർ കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്. 2020ൽ, 37 പേർ ഈ പട്ടികയിൽ ഉണ്ടായിരുന്നു.
2025ലെ ഒരു എം.എൽ.എ വധശ്രമ കേസിലും, രണ്ട് പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും പ്രതികളാണ്. ബി.ജെ.പിയുടെ 48 എം.എൽ.എമാരിൽ 16 പേരും എ.എ.പിയുടെ 22ൽ 15 പേരും ക്രിമിനൽ കേസ് പ്രതികളാണ്. ബി.ജെ.പിയുടെ ഏഴും എ.എ.പിയുടെ 10ഉം എം.എൽ.എമാർ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ പ്രതിസ്ഥാനത്തുള്ളവരാണ്.
പുതുതായി തെരഞ്ഞെടുത്ത 70 നിയമനിർമാതാക്കളുടെ ആകെ ആസ്തി 1542 കോടി രൂപയാണ്. ഒരു സ്ഥാനാർഥിയുടെ ശരാശരി ആസ്തി 22.04 കോടി. 2020ൽ ഇത് 14.29 കോടിയായിരുന്നു. എ.എ.പി എം.എൽ.എമാരുടെ ശരാശരി ആസ്തി മൂല്യം 7.74 കോടിയാണ്. അതേസമയം, ബി.ജെ.പി എം.എൽ.എമാരുടേത് നാലിരട്ടി കൂടുതലാണ്; 28.59 കോടി രൂപ. 115 കോടി മുതൽ 259 കോടി വരെ രൂപ ആസ്തിയുള്ള മൂന്ന് ബി.ജെ.പി എം.എൽ.എമാരുണ്ട്. അതേസമയം, ആപ്പിന്റെ മൂന്നുപേരുടെ സ്വത്ത് 20 ലക്ഷം രൂപയിൽ താഴെയാണ്.
വിജയിച്ചവരിൽ 44 ശതമാനം പേർക്ക് 10 കോടിയോ അതിൽ കൂടുതലോ ആസ്തിയുണ്ട്. 20 ലക്ഷത്തിൽ താഴെ ആസ്തിയുള്ളവർ മൂന്ന് ശതമാനം മാത്രം. ഏറ്റവും സമ്പന്നരായ സാമാജികർ ബി.ജെ.പിക്കാരാണ്. 259.67 കോടിയുടെ ആസ്തിയുള്ള കർണയിൽ സിങ്, 248.85 കോടിയുള്ള മഞ്ജീന്ദർ സിങ് സിർസ, 115.63 കോടിയുമായി വർമ എന്നിവരാണത്. വിജയിച്ച 23 പേരിൽ ഒരു കോടി രൂപയോ അതിൽ കൂടുതലോ ബാധ്യതയുള്ളവരും ഉണ്ട്. അതിൽ, 74 കോടി രൂപ ബാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച ബി.ജെ.പിയുടെ പർവേഷ് വർമയാണ് മുന്നിൽ.
പുതിയ നിയമനിർമാതാക്കളിൽ 64 ശതമാനം പേർ ബിരുദാനന്തര ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസം ഉള്ളവരാണ്. 33 ശതമാനം പേർക്ക് അഞ്ചാം ക്ലാസിനും 12ാം ക്ലാസിനും ഇടയിൽ പഠനയോഗ്യതയുള്ളവരാണ്. എം.എൽ.എമാരിൽ 67 ശതമാനം പേർ 41നും 60നും ഇടയിൽ പ്രായമുള്ളവരാണ്. 20 ശതമാനം പേർ 60 പിന്നിട്ടവരാണ്. തെരഞ്ഞെടുക്കപ്പെട്ടവരിൽ സ്ത്രീകൾ അഞ്ച് മാത്രം. 2020ൽ ഇത് എട്ടായിരുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 22 പേരുടെ ശരാശരി ആസ്തി 2020ൽ 7.04 കോടിയായിരുന്നു. ഇക്കുറി അത് 8.83 കോടിയായി. 25 ശതമാനം ഉയർച്ച.
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച പൊലീസ് കോൺസ്‌റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തു. ന്യൂഡൽഹി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച പങ്കജ് ശർമക്കെതിരെ സർവിസ് ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പങ്കജ് ശർമക്ക് ആകെ ഒമ്പത് വോട്ടാണ് ലഭിച്ചത്. പ്രഥമദൃഷ്‌ട്യാ അച്ചടക്ക ലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണർ വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ വഷളാകുന്ന ക്രമസമാധാന സ്ഥിതി മെച്ചപ്പെടുത്താനാണ് താന്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് പങ്കജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.