3056 കോടിയുടെ നഷ്ടം, ഹിമാചൽ പ്രദേശിനെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഷിംല: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു. ദുരന്തത്തിൽ 3000 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ചേർന്ന വർഷകാല നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മേഘവി​സ്ഫോടനം, ഉരുൾപൊട്ടൽ, മിന്നൽ പ്രളയം തുടങ്ങിയവ സൃഷ്ടിച്ച നഷ്ടം 3,056 കോടി രൂപയാണ്. റോഡുകൾ, പാലം, കുടിവെള്ളം, ഊർജകേ​​ന്ദ്രങ്ങൾ എന്നിവക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായും അദ്ദേഹം അറിയിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഞ്ജാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.

ജൂൺ മാസം തുടക്കത്തിൽ തന്നെ ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചതായി മന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ, മിന്നൽ പ്രളയം, മേഘവി​​​സ്ഫോടനം എന്നിവയിൽ 300ലധികം പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചമ്പ, മാണ്ഡി, ഷിംല, കാംഗ്ര, കിന്നൗർ, കുളു എന്നീ ജില്ലകളെയാണ് ദുരന്തം കാര്യമായി ബാധിച്ചത്.

2025ലെ ദേശീയ ദുരന്ത നിവാരണയിലെ സെക്ഷൻ 24 പ്രകാരമാണ് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. ചമ്പയിലെ ബർമൗറിൽ നടന്ന മണിമഹേഷ് യാത്രക്കിടെ പതിനാറ് തീർഥാടകർ മരിച്ചു. നാല് പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും ബർമോറിലെ കുഗ്തി ഗ്രാമത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും കനത്ത മഴ രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനിടെ മഴക്കെടുതിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യമന്ത്രി ശാന്ത കുമാർ തനിക്ക് കത്ത് എഴുതിയതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന രണ്ട് ല‍ക്ഷം കോടിയിൽ നിന്ന് 20,000 കോടിയുടെ പ്ര​​​ത്യേക ധനസഹായം അടിയന്തിരമായി ഹിമാചലിന് നൽകണമെന്നാവശ്യപ്പെട്ട് ശാന്ത കുമാർ പ്രധാന​മന്ത്രിക്ക് കത്തെഴുതിയതിനുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

500ലധികം പേർ ഇപ്പോഴും ഭർമോറിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ പറഞ്ഞു. ഗതാഗതം എത്രയും​ പെട്ടന്ന് പുഃനസ്ഥാപിക്കണമെന്നും ബാർമോറിൽ കുടുങ്ങിയവർക്ക് യാത്ര സൗക​ര്യം ഒരുക്കണമെന്നും ജയ് റാം താക്കൂർ ആവശ്യ​പ്പെട്ടു.

Tags:    
News Summary - 3,056-cr losses, CM Sukhu declares entire Himachal disaster-hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.