മുംബൈയിൽ മൂന്ന് സഹോദരങ്ങളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മുംബൈ: മുംബൈക്കടുത്ത് വിരാറിലെ ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെയാണ് വിരാർ വെസ്റ്റിലെ ഗ്ലോബൽ സിറ്റി മേഖലയിലുള്ള ഫ്ലാറ്റിൽ കുമാർ മേത്ത (50), ദീപേഷ് മേത്ത (52), ഖേവന മേത്ത (48) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
മരണത്തിന് മുമ്പ് ചിത്രീകരിച്ച വിഡിയോയിൽ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും സഹോദരങ്ങൾ പരാമർശിച്ചതായി പൊലീസ് അറിയിച്ചു. ഗ്ലോബൽ സിറ്റിയിലെ ഗാർഡൻ അവന്യൂവിലെ ഡി വിങ്ങിലുള്ള 1203-ാം നമ്പർ ഫ്ലാറ്റിലായിരുന്നു മൂന്ന് പേരും താമസിച്ചിരുന്നത്. ഫ്ലാറ്റിൽനിന്ന് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് താമസക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ ബോലിഞ്ച് പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്താണ് അകത്തുകടന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. സഹോദരങ്ങൾ മൂന്ന് മുതൽ നാല് ദിവസം മുമ്പ് മരിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
2025 മുതൽ വാടക ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു സഹോദരങ്ങൾ. ഇവരിൽ ഒരാൾ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മറ്റൊരു സഹോദരന് കാൻസറിന് ചികിത്സ നടത്തിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മരണത്തിന് മുമ്പ് ഗുജറാത്തി ഭാഷയിൽ ചിത്രീകരിച്ച വിഡിയോയിൽ ആരോഗ്യപ്രശ്നങ്ങളെയും സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ച് അവർ സംസാരിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സഹോദരങ്ങളുടെ മറ്റൊരു സഹോദരിയുമായി ബന്ധപ്പെട്ടു. മൂന്ന് പേരും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും തന്നോടും പണം ആവശ്യപ്പെട്ടിരുന്നതായും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.