ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതോടെ ക്യാമ്പസിൽ നടന്നുവന്ന സമരത്തിന് സമ്പൂർണ്ണ വിജയം. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2027 മേയ് 15-ന് ഭരണഘടന അംഗീകരിക്കുമെന്നും തുടർന്ന് ജൂലൈ 16-ന് വോട്ടെടുപ്പ് പൂർത്തിയാക്കുമെന്നും അധികൃതർ ഉറപ്പുനൽകി. വിദ്യാർഥികൾ നടത്തിവന്ന കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് അധികൃതരുടെ ഈ നിർണായക നീക്കം. തീയതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്ന് സർവകലാശാല അധികൃതർ അഭ്യർത്ഥിച്ചു.

രജിസ്ട്രാർ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ജാമിഅ മില്ലിയ ഇസ്‌ലാമിയ സ്റ്റുഡന്റ്സ് യൂണിയന്റെ ഭരണഘടന 2027 മേയ് 15-ഓടെ അംഗീകരിച്ച് നടപ്പിലാക്കും. തുടർന്ന് 2027 ജൂലൈ 16 മുതൽ ആറാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ലിംഗ്ദോ കമ്മിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.

പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ സ്വീകരിച്ചിരുന്ന കാരണം കാണിക്കൽ നോട്ടീസുകൾ, അച്ചടക്ക നടപടികൾ, സസ്പെൻഷൻ, പുറത്താക്കൽ ഉത്തരവുകൾ, ക്യാമ്പസിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ എന്നിവയെല്ലാം സർവകലാശാല പിൻവലിച്ചു.

ഒക്ടോബർ 26-ന് പുറത്തിറക്കിയ മുൻ ഉത്തരവിൽ തെരഞ്ഞെടുപ്പ് തീയതി കൃത്യമായി വ്യക്തമാക്കാതിരുന്നതിനെ തുടർന്ന് നിരാഹാര സമരം നടത്തിവന്ന വിദ്യാർഥികൾ അത് തള്ളിക്കളയുകയും സമരം തുടരുകയുമായിരുന്നു. ഡിസംബർ 20-നകം ഭരണഘടന പൂർത്തിയാക്കി തൊട്ടടുത്ത 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. എന്നാൽ നിലവിലെ പുതിയ സമയക്രമം അനുസരിച്ച് 2027 ഓഗസ്റ്റ് പകുതിയോടെ വോട്ടെടുപ്പ് നടക്കും.

വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരം രണ്ടാഴ്ചയിലധികം പിന്നിട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് ക്ലാസുകളും പരീക്ഷകളും ഓൺലൈൻ വഴിയാക്കി മാറ്റിയിരുന്നു. 2006-ലാണ് ജാമിഅയിൽ വിദ്യാർഥി യൂണിയൻ പിരിച്ചുവിട്ടത്. അതിനുശേഷം ഇവിടെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ അലിഗഢ് മുസ്ലിം സർവകലാശാലയിലും 19 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു.

Tags:    
News Summary - Jamia Student Protest Victory: Union Election Announced, Penalties Lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.