ജാമിഅ മില്ലിയയിൽ സമരം കനക്കുന്നു; എൻ.എസ്.യു.ഐ നേതാക്കൾ തിഹാർ ജയിലിലേക്ക്

ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിനിടെ എൻ.എസ്.യു.ഐ നേതാക്കളെ തിഹാർ ജയിലിലേക്ക് അയച്ചു. ജാമിഅ എൻ.എസ്.യു.ഐ യൂണിറ്റ് നേതാക്കളായ സീഷാൻ ഖാൻ, മുഹമ്മദ് ഫൈസാൻ എന്നിവരെയാണ് മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനായി വിദ്യാർഥികൾ സർവകലാശാലയിൽ അനിശ്ചിതകാല നിരാഹാര സമരവും ശക്തമായ പ്രതിഷേധങ്ങളും തുടരുന്നതിനിടയിലാണ് ഡൽഹി പൊലീസിന്റെ നാടകീയ നടപടി. 

സർവകലാശാല ഗേറ്റിന് മുന്നിൽ നിന്ന് കസ്റ്റഡിയിലെടുത്തു; പൊലീസിനെതിരെ യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് നേതാവ് ഗുർമെഹർ കൗർ പങ്കുവെച്ച പ്രസ്താവന പ്രകാരം, നേതാക്കളെ യൂണിവേഴ്സിറ്റി ഗേറ്റിന് മുന്നിൽ നിന്നാണ് ഡൽഹി പൊലീസ് പിടിച്ചുകൊണ്ടുപോയത്. കസ്റ്റഡിയിലെടുത്ത ശേഷം 24 മണിക്കൂറോളം ഇവരെ തടങ്കലിൽ വെച്ച ശേഷമാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. വിദ്യാർഥി നേതാക്കൾ പൊതുസമാധാനം തകർക്കാൻ ശ്രമിച്ചു എന്ന പൊലീസിന്റെ ആരോപണം പ്രസ്താവനയിൽ തള്ളിക്കളഞ്ഞു. വിദ്യാർഥികളെ ഭയപ്പെടുത്താനും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭം അടിച്ചമർത്താനുമുള്ള പൊലീസിന്റെയും ഭരണകൂടത്തിന്റെയും ബോധപൂർവമായ ശ്രമമാണിതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. 

ഗേറ്റുകൾ വെൽഡ് ചെയ്തു, ക്ലാസുകൾ ഓൺലൈനാക്കി; സർവകലാശാലയിൽ നിയന്ത്രണങ്ങൾ

വിദ്യാർഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ജാമിഅ ക്യാമ്പസിൽ അധികൃതർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ ഒത്തുചേരുന്നത് തടയാൻ ക്യാമ്പസ് ഗേറ്റുകൾ പൂട്ടുകയും പല ഗേറ്റുകളും വെൽഡ് ചെയ്ത് അടയ്ക്കുകയും ചെയ്തു. വിദ്യാർഥികളുടെ ഒത്തുചേരലുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫ്‌ലൈൻ ക്ലാസുകൾ റദ്ദാക്കി പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കും ഭീഷണികൾക്കും ഇടയിലും യൂണിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തങ്ങളുടെ നിരാഹാര സമരവും പ്രതിഷേധങ്ങളും തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥി സംഘടനകൾ.

Tags:    
News Summary - Jamia NSUI Leaders Sent to Tihar Jail Amid Protests for Students' Union Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.