ഉത്തരാഖണ്ഡിൽ പള്ളിയുടെ അറ്റകുറ്റ പണികൾ തടഞ്ഞ് ബജ്‌റംഗ്ദൾ പ്രവർത്തകർ; അനധികൃതമെന്ന് ആരോപണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പള്ളിയുടെ അറ്റകുറ്റ പണികൾ തടഞ്ഞ് ബജ്‌റംഗ്ദൾ പ്രവർത്തകർ. പള്ളി അനധികൃതമാണെന്നും റോഡ് കയ്യേറിയാണ് ഇത് പണിതതെന്നും ആരോപിച്ചാണ് നടപടി. ഷിംല ബൈപാസിലെ സേവ്‌ല കലാനിലാണ് സംഭവം.

പള്ളിയുടെ മൂന്നാം നിലയിൽ ഗ്രൗട്ടിങ് ജോലികൾ നടന്നുകൊണ്ടിരിക്കെ വികാസ് വർമയുടെ നേതൃത്വത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ സ്ഥലത്തെത്തി. പിന്നാലെ നിർമാണ പ്രവർത്തികൾ ബലമായി നിർത്തിവെപ്പിക്കുകയായിരുന്നു. റോഡ് കയ്യേറി നിർമ്മാണം നടത്തിയതിലൂടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നാണ് ഇവരുടെ അവകാശവാദം. "2017ൽ തന്നെ പള്ളിയുടെ അനധികൃത നിർമ്മാണത്തെക്കുറിച്ച് ഞങ്ങൾ പരാതി നൽകിയിരുന്നു. ഇപ്പോൾ അത് മൂന്ന് നിലകളായി ഉയർന്നു. സേവ്‌ല കലാൻ ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള പ്രദേശമാണ്. വീട് ഒഴിഞ്ഞുപോകാൻ പള്ളി അധികൃതർ ആവശ്യപ്പെടുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിട്ടുണ്ട്‌," വർമ ആരോപിച്ചു.

പള്ളിയുടെ മുഴുവൻ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും അനധികൃതമാണെന്ന് കണ്ടെത്തിയാൽ കെട്ടിടം ഉടൻ പൊളിച്ചുമാറ്റണമെന്നും വികാസ് വർമ്മ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ തങ്ങൾ തന്നെ നിയമം കയ്യിലെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിവരമറിഞ്ഞ് മസൂറി ഡെറാഡൂൺ ഡെവലപ്‌മെന്റ് അതോറിറ്റി (എം.ഡി.ഡി.എ), പൊലീസ്, മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ എത്തിയെങ്കിലും ഇവർ പ്രശ്‌നത്തിൽ ഇടപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ബജ്‌റംഗ്ദളിന്റെ ആരോപണങ്ങൾ പള്ളി അധികാരികൾ തള്ളിക്കളഞ്ഞു. പുതിയ നിർമ്മാണങ്ങളൊന്നും നടന്നിട്ടില്ലെന്നും ചോർച്ച തടയാനുള്ള പ്രവൃത്തികൾ മാത്രമാണ് അവിടെ നടക്കുന്നതെന്നുമാണ് അവർ വ്യക്തമാക്കി.

മേൽക്കൂരയിൽ വെള്ളം ചോരുന്നത് തടയാൻ സ്ലാബിൽ സിമന്റ് പൂശുന്ന പണിയാണ് നടക്കുന്നതെന്നും പുതിയ നിർമ്മാണങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്നും മുസ്‌ലിം സേവ സംഘം പ്രസിഡന്റ് നയീം ഖുറേഷിയും വൈസ് പ്രസിഡന്റ് ആഖിബ് ഖുറേഷിയും പറഞ്ഞു. കെട്ടിടം അനധികൃതമല്ലെന്ന് തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും അവർ വ്യക്തമാക്കി. ഈ പള്ളി നിയമപ്രകാരമാണ് നിർമ്മിച്ചിരിക്കുന്നതെന്നും ബജ്‌റംഗ്ദളിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

News Summary - Uttarakhand Bajrang Dal stops mosque repair work, cites encroachment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.