അസമിൽ ട്രക്കിൽ കടത്തുകയായിരുന്ന 26 നായകളെ രക്ഷപ്പെടുത്തി; മാംസക്കച്ചവടമെന്ന് സംശയം
ന്യൂഡൽഹി: അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ ട്രക്കിൽ കടത്തുകയായിരുന്ന 26 നായകളെ അസം പൊലീസും മൃഗക്ഷേമ സംഘടനകളും ചേർന്ന് രക്ഷപ്പെടുത്തി. നായകളെ മാംസക്കച്ചവടത്തിനായി അയൽ സംസ്ഥാനത്തെക്ക് കടത്തി കൊണ്ട് പോകുകയായിരുവെന്നാണ് പ്രാഥമിക നിഗമനം.
ഹ്യൂമൻ വേൾഡ് ഫോർ ആനിമൽസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടത്തിക്കൊണ്ടു പോകുന്ന നായകളെ കണ്ടെത്തിയത്. ട്രക്ക് തടഞ്ഞുനിർത്തിയപ്പോൾ ജ്യൂട്ട് ചാക്കുകളിൽ കുത്തിനിറച്ച നിലയിലായിരുന്നു നായകൾ. നായകളുടെ വായകളും കെട്ടിയ നിലയിലായിരുന്നു.
നായകളെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഗുവാഹത്തിയിലെ ജസ്റ്റ് ബി ഫ്രണ്ട്ലിയുടെ ഇന്റഗ്രേറ്റഡ് കെയർ ആൻഡ് റിസോഴ്സ് സെന്റർ ഫോർ ആനിമൽ വെൽഫെയറിലേക്ക് മാറ്റി. ഇവിടെ നായകൾക്ക് വെറ്ററിനറി പരിശോധനയും ചികിത്സയും നൽകി. പരിക്കുകളിൽ നിന്നും മാനസിക ആഘാതങ്ങളിൽ നിന്നും ഈ നായ്ക്കൾ പൂർണ്ണമായി മുക്തരായ ശേഷം ഇവയെ വളർത്താൻ താല്പര്യമുള്ള ആളുകൾക്ക് ദത്തെടുക്കാൻ നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അസമിലെ തെരുവുകളിൽ നിന്നും വീടുകളിൽ നിന്നും നായ്ക്കളെ മോഷ്ടിച്ച് മിസോറാം, നാഗാലാൻഡ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ നിയമവിരുദ്ധ ഇറച്ചി മാർക്കറ്റുകളിലേക്ക് കടത്തുന്നത് ഒരു സംഘടിത ശൃംഖലയായി മാറിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. രാത്രികാലങ്ങളിൽ വിവിധ മേഖലകളിലേക്ക് കടത്തുന്നത്. മിസോറാമിലാണ് നായമാംസ ഉപഭോഗം കൂടുതലെന്നും ഇവിടെ നായമാംസം ‘ഉയിസ’ എന്ന പേരിൽ വിൽക്കുന്നതായും ഹ്യൂമൻ വേൾഡ് ഫോർ ആനിമൽസ് ഇന്ത്യയുടെ സീനിയർ ഡയറക്ടർ കെരെൻ നസറെത്ത് പറയുന്നു.
നാഗാലാൻഡിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില സ്ത്രീകൾ ഉപജീവനത്തിനായി നായമാംസ വ്യാപാരത്തിലേക്ക് എത്തുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. ബദൽ ഉപജീവനമാർഗങ്ങൾ ലഭ്യമാക്കിയാൽ ഇവരിൽ പലരും വ്യാപാരം ഉപേക്ഷിക്കാൻ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം, നാഗാലാൻഡിലെ ചില പ്രമുഖ നായമാംസ മൊത്തവ്യാപാരികൾ 2026 മേയ്-ജൂൺ മാസങ്ങളിൽ വ്യാപാരം ഉപേക്ഷിച്ച് കൂൺകൃഷി, അച്ചാർ നിർമാണം തുടങ്ങിയ മേഖലകളിലേക്ക് മാറിയിരുന്നു. ഇവർ 18 നായകളെ സ്വമേധയാ കൈമാറുകയും ചെയ്തിരുന്നു. രക്ഷപ്പെടുത്തിയ നായകളെ പരിശോധനക്ക് വിധേയമാക്കി വാക്സിൻ നൽകുകയും മൈക്രോചിപ്പ് ഘടിപ്പിക്കുകയും ചെയ്ത ശേഷം നാഗാലാൻഡിലെ വിവിധ കുടുംബങ്ങൾ ദത്തെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.