അസം ഖനി അപകടം: മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി

ഗുവാഹത്തി: അസമിലെ ദിമാ ഹസാവു ജില്ലയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളിൽ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

തിങ്കളാഴ്ചയാണ് ഖനിയിൽ വെള്ളം കയറി ഒമ്പത് തൊഴിലാളികൾ കുടുങ്ങിയത്. അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. ഇനിയും അഞ്ചു തൊഴിലാളികളെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ച രാവിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സൈനികരാണ് ആദ്യത്തെ മൃതദേഹം കണ്ടെടുത്തത്. ഉംറാങ്‌സോ സ്വദേശിയായ ലിജാൻ മാഗറിന്‍റെ (27) മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നാലെയാണ് രണ്ടുപേരുടെ കൂടി മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച സൈന്യം നേപ്പാൾ ഉയദ്പൂർ സ്വദേശിയായ ഗംഗ ബഹദൂറിന്‍റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഖനിക്ക് 310 അടി ആഴമുണ്ട്. ഖനിയില്‍നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുന്നുണ്ട്. എന്നാൽ, വെള്ളം കല്‍ക്കരിയുമായി കൂടികലര്‍ന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിക്കുള്ളിലേക്ക് കടക്കാനാകുന്നില്ല.

റിമോട്ട് കണ്‍ട്രോള്‍ വാഹനങ്ങള്‍ക്കും ഖനിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. അസം മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലായിരുന്നു ഈ ഖനി 12 വർഷം മുമ്പ് ഉപേക്ഷിച്ചതാണെന്ന് സർക്കാർ വ്യക്തമാക്കി.

Tags:    
News Summary - 3 bodies of trapped workers recovered from flooded Assam coal mine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.