ബംഗളൂരു: സെൽഫി ഭ്രമം മൂന്നു യുവാക്കളുടെകൂടി ജീവൻ കവർന്നു. ഒാടുന്ന ട്രെയിനിന് മുന്നിൽ റെയിൽപാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാക്കളെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു. ബംഗളൂരു ജയനഗറിലെ നാഷനൽ കോളജ് വിദ്യാർഥികളായ പ്രഭു ആനന്ദ് (18), രോഹിത് (16), പ്രതീക് (20) എന്നിവരാണ് മരിച്ചത്. 10 പേരടങ്ങുന്ന സംഘം വണ്ടർല അമ്യൂസ്മെൻറ് പാർക്കിലേക്ക് യാത്ര പോകുന്നതിനിടെയാണ് അപകടം.
ചൊവ്വാഴ്ച രാവിലെ 8.30ന് രാമനഗര ബിഡദി മഞ്ചനായകനഹള്ളിയിൽ വണ്ടർല റെയിൽവേ ഗേറ്റിലാണ് സംഭവം. ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ഗോൽഗുംബസ് എക്സ്പ്രസിന് മുന്നിൽനിന്ന് സെൽഫിയെടുക്കാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. മൃതദേഹം തിരിച്ചറിയാനാവാത്തവിധം ഛിന്നഭിന്നമായി. റെയിൽവേ പൊലീസ് സൂപ്രണ്ട് എൻ. ചൈത്രയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് കെേങ്കരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
യുവാക്കളുടെ ബൈക്കുകളും ബാഗും മൈസൂരു റോഡിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. ഒരാഴ്ചക്കിടെ രാമനഗര ജില്ലയിലെ രണ്ടാമത്തെ സെൽഫി ദുരന്തമാണിത്. കഴിഞ്ഞയാഴ്ച കനകപുരയിൽ എൻ.സി.സി ക്യാമ്പിനിടെ കുളത്തിൽ മുങ്ങിമരിച്ച ജി. വിശ്വനും നാഷനൽ കോളജ് വിദ്യാർഥിയായിരുന്നു. സെൽഫിയെടുക്കാനുള്ള തിരക്കിനിടെ വിശ്വൻ വെള്ളത്തിൽ മുങ്ങിയത് സഹപാഠികൾ അറിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.