25,000 സർക്കാർ തസ്തികകൾക്ക് അംഗീകാരം; ആദ്യ തീരുമാനം പ്രഖ്യാപിച്ച് പഞ്ചാബിലെ ആം ആദ്മി സർക്കാർ

ചണ്ഡീഗഢ്: 25,000 സർക്കാർ തസ്തികകൾക്ക് അംഗീകാരം നൽകി പഞ്ചാബിലെ ആം ആദ്മി സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

പഞ്ചാബ് പൊലീസ് സേനയിൽ 10000 ഒഴിവുകളും മറ്റ് സർക്കാർ വകുപ്പുകളിലായി 15000 ഒഴിവുകളുമാണ് ഇതിനായി സൃഷ്ടിക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.

സുതാര്യമായും മെരിറ്റ് അടിസ്ഥാനമാക്കിയും യുവാക്കൾക്ക് സർക്കാർ ജോലി ലഭ്യമാക്കാനുള്ള ചരിത്രപരമായ തീരുമാനമാണിത്. ഒരു മാസത്തിനുള്ളിൽ പരസ്യത്തിലൂടെയും വിജ്ഞാപനത്തിലൂടെയും സർക്കാർ ജോലിക്കുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും വക്താവ് വ്യക്തമാക്കി.

ഭഗവന്ത് മാൻ സർക്കാറിലെ 10 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്.

ദിർബജില്ലയിൽ നിന്നും രണ്ട് തവണ എം.എൽ.എ സ്ഥാനത്തേക്ക് വിജയിച്ച ഹർപൽ സിങ് ചീമ, മുൻ എ.എ.പി എം.പി സാധു സിങിന്‍റെ മകളും മലൗട്ട് എം.എൽ.എയുമായ ബാൽജിത് കൗർ, ജൻഡിയാലയിൽ നിന്ന് വിജയിച്ച ഹർബജൻ സിങ് ഇ.ടി.ഒ, മാൻസ എം.എൽ.എ വിജയ് സിംഗ്ല, ഭോവ എം.എൽ.എ ലാൽ ചന്ദ് കടരുചക് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇവരെ കൂടാതെ, എ.എ.പി യുവജന വിഭാഗ മോധാവിയും ബർണാലയിൽ നിന്നും രണ്ട് തവണ എം.എൽ.എയായി വിജയിച്ച ഗുർമീത് സിങ് ഹയർ, അജ്നാലയിൽ നിന്നുള്ള കുൽദീപ് സിങ് ദൈവാൾ, പാട്ടി എം.എൽ.എ ലളിത് സിങ് ഭുള്ളാൽ, ഹോഷിയാപൂരിൽ നിന്നുള്ള ബ്രഹ്മ ശങ്കർ ജിമ്പ, പുതിയ സർക്കാറിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും ആനന്ദ്പൂർ സാഹിബ് എം.എൽ.എയുമായ ഹർജോത് സിങ് ബെയിൻസ് എന്നിവരും ഇന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റു.

Tags:    
News Summary - 25,000 government jobs announced after Punjab CM Bhagwant Mann's first cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.