അമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: യു.പിയിലെ അമേത്തി, റായ്ബറേലി ലോക്സഭ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളായി ആര് മത്സരിക്കുമെന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് ഇന്ന് അവസാനമാകും. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയെന്നതിനാൽ സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മേയ് 20ന് അഞ്ചാംഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, 2019ൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ മണ്ഡലത്തിൽ രാഹുൽ വീണ്ടും മത്സരിക്കുമോയെന്നതും ചോദ്യമായി.

2004 മുതൽ സോണിയ ഗാന്ധി വിജയിക്കുന്ന റായ്ബറേലിയിൽ ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, ഗാന്ധികുടുംബത്തിലെ മൂന്ന് പ്രമുഖ നേതാക്കളും പാർലമെന്‍ററി രാഷ്ട്രീയത്തിലേക്ക് വരുന്നത് ബി.ജെ.പി ആരോപിക്കുന്ന കുടുംബരാഷ്ട്രീയത്തിന് വളംവെക്കുമോയെന്ന ചർച്ചകൾ കോൺഗ്രസിനകത്തുണ്ടായിട്ടുണ്ട്. ഇതോടെയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ സസ്പെൻസുണ്ടായത്.

ഗാന്ധികുടുംബത്തിൽ നിന്നുള്ളവർ അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാർഥിയാകുന്നതിനെ രാഹുൽ ഗാന്ധി അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹവുമായി അടുത്ത ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. റായ്ബറേലിയിൽ സ്ഥാനാർഥിയാവാനില്ലെന്ന കാര്യം പ്രിയങ്ക പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടെ, അമേത്തിയിൽ മത്സരിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര താൽപര്യം പ്രകടിപ്പിച്ചിരുന്നു. വാദ്രക്ക് വേണ്ടി അമേത്തിയിൽ പോസ്റ്ററുകളുമുയർന്നിരുന്നു. താൻ മത്സരിച്ചാൽ സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലെ തെറ്റ് തിരുത്താൻ അമേത്തിയിലെ ജനങ്ങൾക്ക് കഴിയുമെന്ന് വാദ്ര പറഞ്ഞത് ചര്‍ച്ചയായിരുന്നു. മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ അവർ എന്റെ വിജയം ഉറപ്പാക്കുമെന്നും വാദ്ര അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - 24 Hours To Deadline, Congress To Announce Amethi, Raebareli Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.