പാരിസ് ഉടമ്പടി ഒക്ടോബര്‍ രണ്ടിന് അംഗീകരിക്കും

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി ഗാന്ധിജയന്തി ദിനത്തില്‍ രാജ്യം അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കോഴിക്കോട് ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വേദിയില്‍നിന്ന് അന്തര്‍ദേശീയ സമൂഹത്തോട് പ്രധാനപ്പെട്ട ഒരുകാര്യം വ്യക്തമാക്കുകയാണെന്ന മുഖവുരയോടെയാണ്​ പാരിസ് ഉടമ്പടിക്ക് രാജ്യം അംഗീകാരം നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചത്. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ചൂഷണത്തിനാണ് ഭാരതീയ ജനസംഘം പ്രസിഡന്‍റായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ നിലകൊണ്ടത്. വളരെ ചുരുങ്ങിയതോതില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ഇണങ്ങുംവിധം ജീവിച്ചതിന് രാജ്യത്ത് മഹാത്മാഗാന്ധിയോളം മറ്റൊരു ഉദാഹരണവുമില്ല. അതുകൊണ്ടാണ് ഗാന്ധിജയന്തി ദിനം കാലാവസ്ഥാ ഉടമ്പടി നടപ്പാക്കാന്‍ തെരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു.
ആഗോളതാപനത്തെ തുടര്‍ന്ന് നിരവധി തീര രാജ്യങ്ങളും നഗരങ്ങളും ഭീഷണി നേരിടുകയാണ്. 55 ശതമാനം ഹരിതഗൃഹ വാതകങ്ങളുടെ മലിനീകരണം ഇല്ലാതാക്കാന്‍ പാരിസില്‍ ഒപ്പുവെച്ച ഉടമ്പടി 55 രാജ്യങ്ങളെങ്കിലും നടപ്പാക്കാന്‍ തീരുമാനിച്ചെങ്കില്‍മാത്രമേ നിലവില്‍ വരുകയുള്ളൂവെന്ന് മോദി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു.എന്‍ കണ്‍വെന്‍ഷന്‍െറ ഭാഗമായി രൂപംനല്‍കിയ കരാറാണ് പാരിസ് ഉടമ്പടി. പാരിസില്‍  2015 ഡിസംബര്‍ 12ന് കണ്‍വെന്‍ഷന്‍െറ 21ാം സെഷനിലാണ് കരാറിന് രൂപംനല്‍കിയത്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കലാണ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. കരാറിലെ മാനദണ്ഡമനുസരിച്ച് 2016 ഏപ്രില്‍ 22 മുതല്‍ 2017 ഏപ്രില്‍ 21 വരെ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ഇതില്‍ ഒപ്പുവെക്കാം. 2016 ഏപ്രില്‍ 22ന് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചു. 191 രാജ്യങ്ങളാണ് ഇതുവരെ ഒപ്പുവെച്ചത്. ആഗോളതലത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന്‍െറ 55 ശതമാനത്തിനും കാരണമാകുന്ന 55 രാജ്യങ്ങളുടെ അംഗീകാരം നേടിക്കഴിഞ്ഞാല്‍ കരാര്‍ നിലവില്‍വരും. നിലവില്‍ 61 രാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചുകഴിഞ്ഞെങ്കിലും ആഗോളതലത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന്‍െറ 47.76 ശതമാനം മാത്രമേ ആയിട്ടുള്ളൂ ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.