ന്യൂഡൽഹി: മൂന്നാം ദിനവും രാജ്യവ്യാപകമായി ലക്ഷത്തോളം യാത്രക്കാരെ വലച്ച ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി തുടരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ക്രൂ ഡ്യൂട്ടി ചട്ടം നടപ്പിലാക്കി തുടങ്ങിയതിനു പിന്നാലെ സർവീസുകൾ താറുമാകുകയും, വിമാനങ്ങൾ കൂട്ടമായി റദ്ദാക്കപ്പെടുകയും ചെയ്തതോടെ അനിശ്ചിതത്വത്തിലായ ഇന്ത്യൻ വ്യോമയാന മേഖല വരും ദിവസങ്ങളിൽ സാധാരണ നിലയിലെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇനിയും മൂന്നു ദിവസമെങ്കിലും സമയമെടുക്കും. കൂടുതൽ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചും മറ്റും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
അതിനിടെ യാത്രക്കാർക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയിൽ ഇൻഡിഗോ എയർലൈൻസ് ഖേദ പ്രകടനം നടത്തി. യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും അധികൃതർ പ്രഖ്യാപിച്ചു.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ ടിക്കറ്റ്തുക തിരികെയെത്തുമെന്നാണ് അറിയിച്ചത്. പ്രത്യേക അപേക്ഷ നൽകാതെ തന്നെ ടിക്കറ്റ് തുക ബുക് ചെയ്ത അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ഡിസംബർ അഞ്ചിനും 15നുമിടയിലെ ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്യാനും, റദ്ദാക്കാനും യാത്രക്കാർക്ക് സൗകര്യമുണ്ടാവും.
വിമാന റദ്ദാക്കലിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ഹോട്ടൽ താമസം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമെന്നും അറിയിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് ഭക്ഷണം ഉൾപ്പെടെ സൗകര്യമൊരുക്കിയതായും ഇൻഡിഗോ അധികൃതർ അറിയിച്ചു.
മൂന്നു ദിവസങ്ങളിലായി തുടരുന്ന യാത്രാ പ്രതിസന്ധിക്ക് വരും ദിവസങ്ങളിൽ പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
മൂന്നാം ദിവസത്തിലേക്ക് നീണ്ട സർവീസ് മുടക്കത്തിനു പിന്നാലെ വെള്ളിയാഴ്ചയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എയും ഇടപെട്ടത്. പ്രതിസന്ധിക്ക് കാരണായ ക്രൂ ഡ്യൂട്ടി ചട്ടത്തിൽ ഇളവുകൾ വരുത്തിയാണ് ഭാഗിക പരിഹാരത്തിന് വഴിയൊരുക്കിയത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം നിർബന്ധമാക്കിയുള്ള ഡ്യൂട്ടി ടൈം ലിമിലേറ്റഷൻ (എഫ്.ഡി.ടി.എൽ) ചട്ടത്തിലാണ് ഇളവ് നൽകിയത്. പ്രതിവാര വിശ്രമ സമയം 36 മണിക്കൂർ എന്നത് 48 മണിക്കൂറായി വർധിപ്പിച്ചായിരുന്നു പുതിയ ചട്ടം നിലവിൽ വന്നത്. രാത്രി ലാൻഡിങിന്റെ എണ്ണം രണ്ടായി കുറക്കുകയും ചെയ്തു. എന്നാൽ, ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ ഇൻഡിഗോ വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഇതിൽ താൽകാലിക ഇളവുകൾ നൽകിയാണ് ഇപ്പോൾ പ്രശ്നം പരിഹരിക്കുന്നത്. ആഴ്ചാവധിയും വിശ്രമത്തിന്റെ കണക്കിൽ പെടുത്തിയാണ് താൽകാലിക ഇളവ്.
അതേസമയം, മൂന്നു ദിവസത്തെ പ്രതിസന്ധി വെള്ളിയാഴ്ച ഏറ്റവും രൂക്ഷമായി മാറി. പ്രതിദിനം 2200 ഓളം സർവീസ് നടത്തുന്ന വിമാന കമ്പനിയുടെ വ്യാഴാഴ്ചത്തെ 500 സർവീസുകളാണ് മുടങ്ങിയത്. മൂന്നു ദിവസങ്ങളിലായി 1500 സർവീസുകൾ റദ്ദാക്കപ്പെട്ടു. മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഏറ്റവും കൂടുതൽ സർവീസ് മുടങ്ങിയത്.
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന ശൃംഖലയായ ഇൻഡിഗോ യാത്ര മുടങ്ങിയതോടെ മറ്റു വിമാന കമ്പനികളിലെ ടിക്കറ്റ് നിരക്ക് മൂന്നും നാലും മടങ്ങായാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.