ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷരല്ലെന്നും സമാധാനത്തിന്‍റെ പക്ഷത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനോട് പറഞ്ഞു. ഇക്കാര്യം ഈ വർഷമാദ്യം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു. ഇത് സമാധാനത്തിന്‍റെ കാലഘട്ടമാണെന്നും പുടിൻ ദീർഘദർശിയായ നേതാവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ത്യ നിഷ്പക്ഷരല്ല, ഇന്ത്യക്ക് ഒരു പക്ഷമുണ്ട്. സമാധാന ശ്രമത്തിനുള്ള എല്ലാ നീക്കത്തെയും ഞങ്ങൾ തോളോട് തോൾ ചേർന്ന് പിന്തുണക്കും” -മോദി പറഞ്ഞു. 11 വർഷത്തിനിടെ 19-ാം തവണയാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തുന്നത്. നാല് വർഷമായി തുടരുന്ന യുക്രെയ്ൻ യുദ്ധത്തിനിടെ, പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നിരന്തരം ഇടപെടുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്‍റിന്‍റെ ഇന്ത്യാസന്ദർശനമെന്നത് ശ്രദ്ധേയമാണ്.
റഷ്യയെ സൗഹൃദരാഷ്ട്രമെന്ന് വിശേഷിപ്പിച്ച മോദി, മാറിയ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരിക്കേണ്ട വിശ്വാസ്യതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. “യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ നമ്മൾ നിരന്തരമായി ചർച്ചയിലായിരുന്നു. യഥാർഥ സുഹൃത്തായ നിങ്ങളും എല്ലാ വിവരങ്ങളും പങ്കുവെച്ചു. വിശ്വാസമാണ് വലിയ ശക്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. സമാധാനത്തിന്‍റെ വഴിയിലാണ് രാജ്യക്ഷേമമുള്ളത്. നാം ഒരുമിച്ച് ആ വഴിയിൽ നീങ്ങും” -പ്രധാനമന്ത്രി പറഞ്ഞു.
2001ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയിക്കൊക്കൊപ്പം റഷ്യ സന്ദർശിച്ചതും പ്രധാനമന്ത്രി ഓർമിപ്പിച്ചു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തും റഷ്യയിലെ അസ്ത്രാഖൻ മേഖലയുമായി പെട്രോ കെമിക്കൽസ്, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയിൽ സഹകരിക്കാനുള്ള കരാറിൽ ഒപ്പിട്ടിരുന്നു. പുടിന്‍റെ ദീർഘദർശിത്വത്തിന്‍റെ ഉദാഹരണമാണ് അതെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.