ന്യൂഡൽഹി: 2023ൽ ലോകമെമ്പാടുമായി അഞ്ചു വയസ്സിന് താഴെയുള്ള പത്ത് ലക്ഷം കുട്ടികൾ പല കാരണങ്ങളാൽ ജീവൻ വെടിഞ്ഞതായും അതിൽ 100,000ത്തിലധികം കുഞ്ഞുങ്ങൾ ഇന്ത്യയിലാണെന്നും പുതിയ പഠനം. ഭാരക്കുറവ്, വളർച്ചാ മുരടിപ്പ് അല്ലെങ്കിൽ പോഷാകാരക്കുറവ്, അമിത ക്ഷീണം എന്നിവയുൾപ്പെടെയുള്ള വളർച്ചാ വൈകല്യങ്ങളുമായി ബന്ധപ്പെട്ട അവസ്ഥകൾ കാരണമാണ് കൂടുതൽ മരണങ്ങൾ എന്നും പഠനം ചൂണ്ടിക്കാട്ടി.
‘ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് ഹെൽത്തി’ൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച്, വളർച്ചാഘട്ടത്തിലെ പ്രശ്നം മൂലം അഞ്ച് വയസ്സിന് താഴെയുള്ള മരണങ്ങളിൽ ഏറ്റവും കൂടുതൽ നൈജീരിയയിൽ (188,000) രേഖപ്പെടുത്തി. തൊട്ടുപിന്നാലെ ഇന്ത്യയാണ് (100000). 50000ത്തിലധികം മരണങ്ങളുമായി ഇന്ത്യക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് ആഫ്രിക്കൻ രാജ്യമായ കോംഗോ.
ശ്വാസകോശ സംബന്ധമായ അണുബാധകൾ, വയറിളക്ക രോഗങ്ങൾ, മലേറിയ, അഞ്ചാംപനി തുടങ്ങിയ നിരവധി രോഗങ്ങൾ മരണത്തിനും വൈകല്യത്തിനും സാധ്യത വർധിപ്പിക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. 204 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി രോഗങ്ങൾ, പരിക്കുകൾ, അപകടസാധ്യത ഘടകങ്ങൾ എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യ നഷ്ടത്തിന്റെ ഏറ്റവും പുതിയ സമഗ്ര വിലയിരുത്തലായ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി 2023ൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അവരുടെ വിലയിരുത്തൽ.
അതേസമയം, കുട്ടികളുടെ വളർച്ചാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആഗോള മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി വിശകലനം കാണിക്കുന്നു. 2000ൽ 2.75 ദശലക്ഷത്തിൽ നിന്ന് 2023ൽ 0.8 ദശലക്ഷമായി. പുരോഗതി ഉണ്ടായിരുന്നിട്ടും, സബ് സഹാറൻ ആഫ്രിക്കയും ദക്ഷിണേഷ്യയും ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണങ്ങൾ യഥാക്രമം 600,000ത്തിലധികവും 165,000ത്തിലധികവുമാണ്.
കുട്ടികളുടെ വളർച്ചാ പരാജയത്തിന് പിന്നിലെ കാരണങ്ങൾ ഭക്ഷണ പ്രശ്നങ്ങൾ, ഭക്ഷ്യ അരക്ഷിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, ശുചിത്വക്കുറവ്, യുദ്ധം എന്നിവ കാരണം സങ്കീർണ്ണമാണെന്ന് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനത്തിന് നേതൃത്വം നൽകുന്ന യു.എസിലെ വാഷിങ്ടൺ സർവകലാശാലയിലെ പ്രഫസർ ബോബി റെയ്‌നർ പറഞ്ഞു. അതിനാൽ, എല്ലാ നാടുകളിലുമുള്ള കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒരൊറ്റ വഴിയിലൂടെ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണേഷ്യയിൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ വയറിളക്ക രോഗ മരണങ്ങളിൽ 79 ശതമാനവും ശ്വാസകോശ അണുബാധ മരണങ്ങളിൽ 53 ശതമാനവും കുട്ടികളുടെ വളർച്ചാ പ്രതസിന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മിക്ക മുരടിച്ച ശിശുക്കളും ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ വളർച്ചയില്ലായ്മയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ഗർഭധാരണത്തിന് മുമ്പും ശേഷവും വേണ്ട ഇടപെടലുകളുടെ നിർണായക ആവശ്യകത ഇതെല്ലാം അടിവരയിടുന്നുവെന്നും പഠനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.