റഫേല്‍ പോര്‍വിമാന ഇടപാട് വിവാദത്തില്‍

ന്യൂഡല്‍ഹി: ഫ്രാന്‍സുമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ച 59,000 കോടി രൂപയുടെ റഫേല്‍ പോര്‍വിമാന കരാര്‍ വിവാദത്തില്‍. ദേശതാല്‍പര്യം ബലികഴിച്ചും അതിഭീമമായ വിലകൊടുത്തുമാണ് 36 വിമാനങ്ങള്‍ വാങ്ങുന്നതെന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ആരോപിച്ചു. ഇടപാടിന്‍െറ ഉള്ളടക്കം പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  കരാറിന്‍െറ വിവിധ പിഴവുകള്‍ മുന്‍ പ്രതിരോധ മന്ത്രി എടുത്തുകാട്ടി. യു.പി.എ സര്‍ക്കാര്‍ രൂപപ്പെടുത്തിയ കരാറില്‍നിന്ന് വ്യത്യസ്തമായി, ഇരട്ടിയിലേറെ വില കൊടുത്താണ് പോര്‍വിമാനങ്ങള്‍ വാങ്ങുന്നത്. താന്‍ പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു വിമാനത്തിന് 715 കോടി രൂപയാണ് വിലയെങ്കില്‍, ഇപ്പോഴത്തെ കരാര്‍ പ്രകാരം കൊടുക്കേണ്ടിവരുന്ന വില 1600 കോടിയോളമാണ്. വിമാനത്തിലെ യുദ്ധസന്നാഹങ്ങള്‍കൂടി പരിഗണിച്ചാല്‍ പോലും വില 1000 കോടി കവിയാന്‍ പാടില്ല.

126 വിമാനങ്ങള്‍ക്കായിരുന്നു യു.പി.എ സര്‍ക്കാറിന്‍െറ പദ്ധതി. അതില്‍ 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് വാങ്ങാനും 108 വിമാനങ്ങള്‍ അവരുടെ സാങ്കേതിക സഹായം സ്വീകരിച്ച് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ (എച്ച്.എ.എല്‍) നിര്‍മിക്കാനുമാണ് യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ. ‘ഇന്ത്യയില്‍ നിര്‍മിക്കാ’മെന്ന പദ്ധതി പ്രഖ്യാപിച്ചവര്‍തന്നെയാണ് ഇപ്പോള്‍ 36 വിമാനങ്ങളും ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നത്.

36 വിമാനങ്ങള്‍ക്കു ശേഷം പുതിയ കരാര്‍ ഉണ്ടാക്കിയാല്‍ അപ്പോഴത്തെ നിരക്കനുസരിച്ച് നല്‍കേണ്ടിവരും. 108 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാമായിരുന്ന അവസരമാണ് കളഞ്ഞത്. പകുതി വിലക്കുള്ള സാമഗ്രികള്‍ക്ക് ഇന്ത്യയിലെ ഉല്‍പന്നങ്ങള്‍ ആശ്രയിക്കണമെന്ന വ്യവസ്ഥ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ഉണ്ടാക്കിയതും മാറ്റി. സാങ്കേതികവിദ്യ കൈമാറിക്കിട്ടുന്നതിനുള്ള അവസരം കളഞ്ഞുകുളിച്ചു.
36 പോര്‍വിമാനങ്ങള്‍ വ്യോമസേനയുടെ യഥാര്‍ഥ ആവശ്യത്തിന്‍െറ അടുത്തെങ്ങും എത്തുകയുമില്ല. ഇതു കണക്കിലെടുത്താണ് 126 വിമാനങ്ങള്‍ക്കുള്ള കരാറുമായി കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടു പോയത്. വ്യോമസേനക്ക് അനുവദിച്ച ശേഷി 42 സ്ക്വാഡ്രണ്‍ ആണെങ്കില്‍ ഇപ്പോഴുള്ളത് 32 മാത്രമാണ്.

2022 ആവുമ്പോള്‍ 25 മാത്രമായി ചുരുങ്ങും. ചൈനയും പാകിസ്താനും വ്യോമശക്തി വര്‍ധിപ്പിക്കുമ്പോള്‍, ഇന്ത്യ ഈ പോരായ്മ എങ്ങനെ നികത്തുമെന്ന ചോദ്യം പുതിയ കരാറിനു ശേഷം ബാക്കിനില്‍ക്കുന്നു. രണ്ടു ഭരണകൂടങ്ങള്‍ തമ്മിലുള്ളത് എന്നതിനെക്കാള്‍, കേന്ദ്രസര്‍ക്കാറും ഫ്രാന്‍സിലെ കമ്പനികളുമായാണ് ഇപ്പോഴത്തെ കരാര്‍. അതിന് അവസരമൊരുക്കുകയാണ് ഫ്രഞ്ച് ഭരണകൂടം ചെയ്യുന്നത്. ചരിത്രത്തിലാദ്യമായി പാകിസ്താനുമായി റഷ്യ സംയുക്ത സൈനികാഭ്യാസം നടത്തുന്നത് കേന്ദ്രസര്‍ക്കാറിന്‍െറ വിദേശനയ പരാജയമാണെന്നും ആന്‍റണി പറഞ്ഞു. സ്വാതന്ത്ര്യം മുതല്‍ സോവിയറ്റ് യൂനിയനും റഷ്യയും ഇന്ത്യക്ക് ആശ്രയിക്കാവുന്ന സുഹൃത്തായിരുന്നു. കശ്മീര്‍ വിഷയം യു.എന്‍ രക്ഷാസമിതിയില്‍ വരുമ്പോഴൊക്കെ ഇന്ത്യയുടെ പക്ഷത്തുനിന്ന് റഷ്യ വീറ്റോ പ്രമേയം കൊണ്ടുവന്നിരുന്നു. റഷ്യയുടെ മനംമാറ്റം ഏറെ ശ്രദ്ധിക്കേണ്ടതാണെന്നും ആന്‍റണി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.