ഹൈദരാബാദില്‍ പേമാരി; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിച്ചു

ഹൈദരാബാദ്: കനത്ത പേമാരി നാശംവിതച്ച ഹൈദരാബാദിലും സമീപ ജില്ലയായ രംഗറെഡ്ഡിയിലും തെലങ്കാനയുടെ വിവിധ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിന്യസിച്ചു. നാല് ട്രൂപ് സൈനികവ്യൂഹത്തെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
മഴക്കെടുതിയില്‍ കനത്ത ദുരിതം നേരിടുന്ന രംഗറെഡ്ഡി ജില്ലയിലെ ആല്‍വാലിലും നഗരത്തിലെ ബെഗുംപേട്ട്, നിസാംപേട്ട് പ്രദേശങ്ങളിലും സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഹൈദരാബാദ് കോര്‍പറേഷനില്‍ സേനയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ദുരന്തം വിതച്ച ആല്‍വാലിലെ ചേരിപ്രദേശങ്ങളില്‍ ദുരന്തബാധിതര്‍ക്ക് മരുന്നും ഭക്ഷണവുമുള്‍പ്പെടെ സൈന്യം വിതരണം നടത്തുന്നുണ്ട്. ഹൈദരാബാദിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും നഗരത്തില്‍നിന്ന് വേര്‍പെട്ടു കിടക്കുകയാണ്.
ദുരിതബാധിത പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിര്‍ദേശം നല്‍കി. മേഡക് ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് നാലുപേര്‍ മരണപ്പെടുകയും ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തെലങ്കാനയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ ഗുണ്ടൂര്‍-സെക്കന്തരാബാദ് ട്രെയിനുകളുടെ സര്‍വിസ് സൗത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.