ഉറി അക്രമണം: നയതന്ത്രത്തിനപ്പുറത്തെ വഴിതേടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ഡല്‍ഹിയില്‍ നടന്നത് മൂന്നു സുപ്രധാന യോഗങ്ങള്‍. പ്രതിവാര മന്ത്രിസഭാ യോഗത്തിനുപുറമെ, മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച പ്രത്യേക യോഗവും നടന്നു. നയതന്ത്ര തലത്തിലുള്ള യുദ്ധംകൊണ്ടുമാത്രം ജനങ്ങള്‍ക്കിടയിലും സൈന്യത്തിലും ഉയര്‍ന്നിരിക്കുന്ന വികാരം ശമിപ്പിക്കാന്‍ കഴിയില്ളെന്ന നിഗമനങ്ങള്‍ യോഗത്തത്തെുടര്‍ന്ന് പുറത്തുവരുന്നുണ്ട്. ഉറി സംഭവത്തിനു പിന്നാലെ, കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടാതെ പോവില്ളെന്ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന വെറുംവാക്കായി മാറില്ളെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ പരസ്യമായി പറഞ്ഞതിന് ഈ പശ്ചാത്തലം കൂടിയുണ്ട്.

നയതന്ത്ര തലത്തില്‍ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തി തെളിവുകള്‍ കൈമാറുകയും പ്രതികരണം ആവശ്യപ്പെടുകയും ചെയ്തത് സുപ്രധാന യോഗങ്ങള്‍ക്കു പിന്നാലെയാണ്.
നയതന്ത്ര യുദ്ധത്തേക്കാള്‍ എന്തു നടപടിയാണ് പ്രായോഗികമായി സ്വീകരിക്കാന്‍ കഴിയുകയെന്ന പ്രശ്നം മോദിസര്‍ക്കാറിനെ അലട്ടുന്നുണ്ട്. സൈനികമായൊരു നീക്കത്തിനുള്ള പരിമിതികള്‍ ഒട്ടേറെയാണ്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ പാകിസ്താന്‍ നടത്തുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഇതിനിടയില്‍ അടുത്ത നീക്കങ്ങളിലേക്ക് ഒരു ചൂണ്ടുപലകയാണ്.

അതിര്‍ത്തി നിയന്ത്രണരേഖക്ക് ഇപ്പുറം നില്‍ക്കുന്ന ജവാന്മാര്‍ ‘പല്ലിനു താടിയെല്ല്’ എന്ന വികാരത്തോടെ തിരിച്ചടി നടത്തിയേക്കും. സൈന്യത്തിന് ഇതിനുള്ള സ്വാതന്ത്ര്യം ഉന്നതതലത്തില്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. സൈനികവും തന്ത്രപരവുമായ അടുത്ത നടപടി, ജാഗ്രത ആവശ്യപ്പെടുന്നതിനാല്‍ വെളിപ്പെടുത്താന്‍ പരിമിതിയുണ്ടെന്ന വിശദീകരണങ്ങള്‍ വരുന്നത് ഇതിനിടയിലാണ്. 

ഭീകരവാദികള്‍ നുഴഞ്ഞുകയറിയത് സുരക്ഷിതവേലി മുറിച്ചുമാറ്റി; ആക്രമണം നടത്തിയത് ലശ്കറെ ത്വയ്യിബ

സൈനികകേന്ദ്രം ആക്രമിച്ച് 18 പട്ടാളക്കാരെ കൊലപ്പെടുത്തിയ ഭീകരവാദികള്‍ നുഴഞ്ഞുകയറിയത് സുരക്ഷിതവേലി രണ്ടിടങ്ങളില്‍ മുറിച്ചുമാറ്റിയെന്ന് കണ്ടത്തെി. രാജ്യത്തെ നടുക്കിയ ആക്രമണം നടത്തിയ ഭീകരവാദികള്‍ ലശ്കറെ ത്വയ്യിബയില്‍പെട്ടവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു. അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഉറി സൈനികകേന്ദ്രം നിലനില്‍ക്കുന്ന സ്ഥലം സംബന്ധിച്ച് വ്യക്തമായ ധാരണ ഭീകരര്‍ക്കുണ്ടായിരുന്നെന്ന നിഗമനമാണ് വിശദമായ പരിശോധന നടത്തിയ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സൈനികകേന്ദ്രത്തിലെ പ്രധാനപ്പെട്ടതും അത്യന്തം സുരക്ഷിതവുമായ വേലിയുടെ രണ്ടിടങ്ങളില്‍ വിടവുണ്ടാക്കി അകത്തു കടന്ന ഭീകരര്‍ അടുക്കളയും സ്റ്റോര്‍റൂമും പുറത്തുനിന്നു പൂട്ടിയശേഷമാണ് ടെന്‍റിന് തീയിട്ടത്.

ആക്രമണം തുടങ്ങിയ ഉടന്‍ സൈനികര്‍ പുറത്തേക്ക് കടക്കുന്നത് തടയുന്നതിനായിരുന്നു ഇങ്ങനെ ചെയ്തതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇതിനുശേഷം സൈനിക ഓഫിസര്‍മാരുടെ ക്വാട്ടേഴ്സ് ലക്ഷ്യംവെക്കുകയായിരുന്നു ഭീകരര്‍. ആക്രമണത്തിന് അകത്തുനിന്നുള്ള സഹായമുണ്ടായതായി കരുതുന്നില്ളെന്നാണ് അന്വേഷണസംഘം ഉറപ്പുനല്‍കുന്നത്. കൊല്ലപ്പെട്ട നാലു ഭീകരര്‍ പാക് അധീന കശ്മീരില്‍നിന്ന് ആക്രമണത്തിന് ഒരു ദിവസം മുമ്പുതന്നെ നുഴഞ്ഞുകയറ്റം നടത്തിയിരുന്നു. പൂഞ്ചിലെ  ആക്രമണത്തിന്‍െറ സമാന സ്വഭാവമുള്ളതാണ് ഉറിയില്‍ നടന്നതെന്ന സാധ്യതയാണ് ലശ്കറെ ത്വയ്യിബയിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ഉറിയിലെ ആക്രമണം നടന്നയുടന്‍ സംഭവത്തിനു പിന്നില്‍ ജയ്ശെ മുഹമ്മദ് ഭീകരവാദികളാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍ ലഫ്. രണ്‍ബീര്‍ സിങ് പറഞ്ഞിരുന്നു. പൂഞ്ച് ആക്രമണത്തില്‍ ഉപയോഗിച്ചതുപോലെ പെട്രോളിയം ജെല്ലി കലര്‍ത്തിയ ജലാറ്റിന്‍ പ്ളാസ്റ്റിക് കുപ്പികളിലാക്കി ഉറിയിലും ഉപയോഗിച്ചിരുന്നു. ഇതുകൊണ്ടാണ് സൈനിക ടെന്‍റിന് തീയിട്ടത്. ഇത്തരം സമാനതകളാണ്  ലശ്കറെ ത്വയ്യിബയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് സൂചന.

അതിനിടെ, ഉറി ആക്രമണത്തിന്‍െറ അന്വേഷണം ചൊവ്വാഴ്ച ജമ്മു-കശ്മീര്‍ പൊലീസില്‍നിന്ന് എന്‍.ഐ.എ ഏറ്റെടുത്തു. ഭീകരരില്‍നിന്നു ലഭിച്ച നാല് ജി.പി.എസ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ തെളിവുകളിലൂടെയാണ് ഇപ്പോള്‍ അന്വേഷണം നീങ്ങുന്നത്. ഇന്‍സ്പെക്ടര്‍ ജനറല്‍ ജി.പി. സിങ്ങിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട ഭീകരരുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചശേഷം രാജ്യത്തെ ജയിലുകളില്‍ ഭീകരവാദക്കേസുകളില്‍ കഴിയുന്നവരുടേതുമായി ഒത്തുനോക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: ആരോപണം തള്ളി പാകിസ്താന്‍

ഇസ് ലാമാബാദ്: നിയന്ത്രണരേഖക്കു സമീപം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായുള്ള ഇന്ത്യയുടെ ആരോപണം തള്ളുന്നതായി ചൊവ്വാഴ്ച പാക് സൈനിക മേധാവി മേജര്‍ ജനറല്‍ സാഹിര്‍ ശംഷാദ് മിര്‍സ പറഞ്ഞു. പാകിസ്താന്‍െറ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞതായും ഇന്ത്യ പറഞ്ഞിരുന്നു. കശ്മീരിലുണ്ടായ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റാനാണ് ഇന്ത്യയുടെ ശ്രമം. അത്തരമൊരു സംഭവം നടന്നിട്ടില്ളെന്നും ഇന്ത്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണരേഖക്കു സമീപം കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ലജിപുരയിലും മാഹിയാന്‍ ബോണിയാറിലും പാക് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതായി ഇന്ത്യ ആരോപിച്ചിരുന്നു. ആക്രമണം നടത്തിയ 10 പാക് ഭീകരരെ വധിച്ചതായും ഇന്ത്യ പറഞ്ഞു. ഞായറാഴ്ച ഭീകരാക്രമണം നടന്ന കശ്മീരിലെ ഉറി സൈനിക ക്യാമ്പിനു സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമം  നടന്നത്. ഉറിയിലുണ്ടായ ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ജയ്ഷെ മുഹമ്മദ് തീവ്രവാദികളെന്നു സംശയിക്കുന്ന നാലു ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

സാര്‍ക് യോഗത്തിന് പാക് ഐ.ബി മേധാവി ഇല്ല

 സാര്‍ക് രാജ്യങ്ങളിലെ സുരക്ഷാ വിദഗ്ധരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇന്‍റലിജന്‍സ് മേധാവിയെ ഡല്‍ഹിക്ക് അയക്കേണ്ടതില്ളെന്ന് പാകിസ്താന്‍ തീരുമാനിച്ചു. ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അഫ്താബ് സുല്‍ത്താനു പകരം പാക് ഹൈകമീഷനിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രം യോഗത്തിനത്തെും. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് യോഗം. മറ്റെല്ലാ സാര്‍ക് രാജ്യങ്ങളിലെയും ഇന്‍റലിജന്‍സ് മേധാവികള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരവിരുദ്ധ സംവിധാനം ശക്തിപ്പെടുത്തുകയാണ് യോഗത്തിന്‍െറ അജണ്ട. 

 ശിവസേന പാക് പതാക കത്തിച്ചു; സുരക്ഷയൊരുക്കുന്നതില്‍ മോദി പരാജയമെന്ന്

 ഉറി ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഗോവയില്‍ ശിവസേന പ്രവര്‍ത്തകര്‍ പാകിസ്താന്‍െറ ദേശീയ പതാക കത്തിച്ചു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാജ്യസുരക്ഷയെപ്പറ്റി വാതോരാതെ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ടതായി ശിവസേന നേതാവ് സുദീപ് തമന്‍കര്‍ പറഞ്ഞു. ആസാദ് മൈതാനിയില്‍ പ്രതിഷേധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രതിരോധമന്ത്രിക്ക് ആ വകുപ്പ് ഭരിക്കാനുള്ള കഴിവില്ളെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.