എംബ്രേയര്‍ വിമാന അഴിമതി: സി.ബി.ഐ പ്രാഥമിക പരിശോധന തുടങ്ങി

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന 208 ദശലക്ഷം യു.എസ് ഡോളറിന്‍െറ എംബ്രേയര്‍ വിമാന ഇടപാടിലെ അഴിമതിയാരോപണം സംബന്ധിച്ച് സി.ബി.ഐ പ്രാഥമിക പരിശോധന തുടങ്ങി. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ) വേണ്ടി വാങ്ങിയ വിമാന ഇടപാടില്‍ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ ആവശ്യപ്രകാരമാണ് സി.ബി.ഐ ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിക്കുന്നത്. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണത്തിന് തുടക്കം കുറിക്കുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.  

ബ്രസീലിയന്‍ കമ്പനിയായ എംബ്രേയറില്‍നിന്ന് മൂന്നു വിമാനം വാങ്ങാനാണ് ഇന്ത്യ 2008ല്‍ കരാറൊപ്പിട്ടത്. ഇടപാടില്‍ ഇടനിലക്കാരന്‍ പണം കൈപ്പറ്റിയെന്ന് പ്രമുഖ ബ്രസീലിയന്‍ പത്രമാണ് ഈയിടെ റിപ്പോര്‍ട്ട് ചെയ്തത്. യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതായും പത്രം വെളിപ്പെടുത്തി. സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ഇടപാടുകളാണ് അന്വേഷണപരിധിയിലുള്ളത്.
ഇന്ത്യയുമായി നടന്ന ഇടപാടില്‍  ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ 3.5 ദശലക്ഷം ഡോളര്‍ കമീഷന്‍ കൈപ്പറ്റിയെന്നാണ് ആരോപണം. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ഡി.ആര്‍.ഡി.ഒയോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണത്തിന് നിര്‍ദേശിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.